
കൊച്ചി: സ്ത്രീകള്‍ക്കെതിരായ അപവാദ പ്രചാരണത്തിന് തുടക്കം കുറിച്ച ആളാണ് എംവി ഗോവിന്ദനെന്നും ഇക്കാര്യത്തില്‍ തന്നെ പഠിപ്പിക്കാന്‍ അദ്ദേഹം വരേണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആന്തൂരിലെ സാജന്‍ ആത്മഹത്യ ചെയ്തപ്പോള്‍ അവിടുത്തെ നഗരസഭാ ചെയര്‍പേഴ്‌സണെ ഒന്നാം പ്രതിയാക്കാതിരിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ ഭാര്യക്കെതിരെ ദേശാഭിമാനി പത്രത്തില്‍ അപവാദപ്രചാരണം തുടങ്ങിവച്ച ആളാണ് ഗോവിന്ദന്‍. അയാള്‍ സ്ത്രീകള്‍ക്കെതിരായ അപവാദപ്രചാരണത്തെ കുറിച്ച് തന്നെ പഠിപ്പിക്കേണ്ടന്ന് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിന് മുന്നില്‍ ഒരാക്ഷേപം വന്നപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചെയ്യാത്ത കാര്യമാണ് ചെയ്തത്. സിപിഎം നേതാക്കന്‍മാര്‍ക്കെതിരെ പുറത്തുവന്ന കാര്യം അന്വേഷിക്കേണ്ടത് അവരാണ്്. വിഎസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഒരുവ്യക്തിയുടെ യൂട്യൂബ് ചാനലിലാണ് ആദ്യം ഇക്കാര്യം വന്നത്. കോണ്‍ഗ്രസ് ഹാന്‍ഡിലുകള്‍ അത് പ്രചരിപ്പിച്ചുകാണും. കഴിഞ്ഞ ഒരുമാസമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഏകപക്ഷീയമായി ഇത്തരം ആക്ഷേപങ്ങള്‍ വന്നപ്പോള്‍ ഒരു സ്ത്രീ പക്ഷവും മനുഷ്യാവകാശവും കണ്ടില്ല. കെജെ ഷൈന്റെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത് നല്ലകാര്യം. ഉമ്മന്‍ ചാണ്ടിയുടെ മകളെ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കാലത്ത് അപമാനിച്ചല്ലോ?. അതിനുമുന്‍പ് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ നിയമസഭയില്‍ വച്ച് അപമാനിച്ചു. എന്നിട്ട് പരാതി കൊടത്തു. കേസ് എടുത്തതല്ലാതെ ഒരു നടപടിയും സ്വീകരിച്ചില്ല. സൈബര്‍ ആക്രമണത്തില്‍ ഇരട്ടനീതിയാണ് ഈ സര്‍ക്കാര്‍ കാണിക്കുന്നത് വിഡി സതീശന്‍ പറഞ്ഞു.
ഭക്തിയുടെ പരിവേഷമണിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗോള അയ്യപ്പ സംഗമവേദിയില്‍ സംസാരിച്ചതെന്ന് സതീശന്‍ പറഞ്ഞു. ശബരിമലയിലെ ആചാരലംഘനത്തിനായി പൊലീസിന്റെ സഹായത്തോടെ സര്‍ക്കാര്‍ നടത്തിയ ക്രൂരകൃത്യങ്ങള്‍ മറച്ചുവച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒന്‍പതര വര്‍ഷമായി ശബരിമലയില്‍ യാതൊരു വികസനവും നടപ്പാക്കാത്ത സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാസ്റ്റര്‍പ്ലാനുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. സുപ്രീംകോടതിയില്‍ ആചാരലംഘനത്തിനനുകൂലമായി സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നദ്ദേഹം ആവര്‍ത്തിച്ചു. നാമജപ ഘോഷയാത്ര നടത്തിയതിന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ എന്നും സതീശന്‍ ചോദിച്ചു.
തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള കപട അയ്യപ്പഭക്തിയാണ് സര്‍ക്കാരിനുള്ളതെന്ന് ഈ നീക്കത്തിലൂടെ ഒന്നുകൂടി തെളിഞ്ഞിരിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ ചെയ്തികളെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല ഓര്‍മയുണ്ട്. വര്‍ഗീയവാദികള്‍ക്ക് ഇടംനല്‍കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. എന്നിട്ട് ബാക്കിയുള്ളവരുടെ ഭക്തിയെക്കുറിച്ച് മുഖ്യമന്ത്രി കളിയാക്കുന്നു.ഞങ്ങളുടെ ഭക്തിയും വിശ്വാസവും പിണറായി വിജയനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. അത് ഓരോരുത്തരുടെയും സ്വകാര്യ കാര്യമാണ്. ശബരിമലയില്‍ യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച വികസനപ്രവര്‍ത്തനങ്ങള്‍ പോലും മുന്നോട്ടു കൊണ്ടുപോകാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. എല്ലാവര്‍ഷവും നല്‍കേണ്ട 82 ലക്ഷം രൂപ പോലും കഴിഞ്ഞ മൂന്ന് വര്‍ഷമായി ശബരിമലയ്ക്ക് നല്‍കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Be the first to comment