
സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമം പരാജയമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ”അയ്യപ്പൻ്റെ അനിഷ്ടം ഉണ്ടായി . കോടികൾ ചെലവഴിച്ചിട്ടും പരിപാടി പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ പാർട്ടിക്കാരെ മാത്രമാണ് എത്തിച്ചത്. കസേരകൾ എല്ലാം ഒഴിഞ്ഞുകിടന്നു, ചർച്ച ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല” – ചെന്നിത്തല പറഞ്ഞു.
“ഇത് തിരഞ്ഞെടുപ്പ് നോക്കി നടത്തിയ അടവാണെന്ന് തെളിഞ്ഞു. സ്ത്രീപ്രവേശനത്തെ കുറിച്ച് വാദിച്ച മുഖ്യമന്ത്രി ഒരു വാക്ക് പോലും പറഞ്ഞില്ല. ഖേദം പ്രകടിപ്പിച്ചില്ല. പിണറായി ഭക്തനാണോ? ഞാൻ ഭക്തനാണ്. എന്നാൽ പിണറായി വിജയൻ സ്ത്രീകളെ കയറ്റിയതിൽ ഖേദിക്കുന്നു എന്നു പറയണം. അത് പറയാൻ മുഖ്യമന്ത്രി തയ്യാറാണോ?” ചെന്നിത്തല ചോദിച്ചു.ഭക്തരെ കബളിപ്പിക്കുന്ന ഇത്തരം ഏർപ്പാടുകൾ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഗോള അയ്യപ്പസംഗമത്തിന് സമാപനമായി. മൂന്ന് സെഷനുകളിലായി ചർച്ചകൾ നടന്നു.ഉദ്ഘാടന വേദിയിൽ ഭഗവത് ഗീതയും ഉപനിഷത്തും ഉദ്ധരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്. അയ്യപ്പസംഗമം തടയാൻ ശ്രമിച്ചവർ നിക്ഷിപ്ത താൽപര്യക്കാരാണ്. ക്ഷേത്ര ഭരണം വിശ്വാസികൾക്ക് വിട്ടുകൊടുക്കണം എന്ന വാദം ഉന്നയിച്ചവർക്ക് കണക്കുകൾ നിരത്തി ആയിരുന്നു മറുപടി. ശബരി റയിലും റോപ് വേയും വിമാനത്താവളവും യാഥാർഥ്യമാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഗമത്തിൽ പ്രതീക്ഷിച്ച പ്രതിനിധികൾ എത്തിയില്ല. രജിസ്റ്റർ ചെയ്തതിൽ 623 പേർ മാത്രമാണ് വേദിയിൽ എത്തിയത്.ഓൺലൈൻ വഴി 4,245പേരാണ് രജിസ്റ്റർ ചെയ്തത്.ദേവസ്വം ബോർഡ് നേരിട്ട് ക്ഷണിച്ച അഞ്ഞൂറിലധികം പ്രതിനിധികളും പരിപാടിയുടെ ഭാഗമായി.രണ്ടായിരത്തോളം പേർ പങ്കെടുത്തു എന്നാണ് ദേവസ്വം ബോർഡിൻറെ വിശദീകരണം.
Be the first to comment