ആഗോള അയ്യപ്പ സംഗമം വൻ പരാജയമെന്ന് കെ.പി.സി.സി, വലിയ വിജയമെന്ന് ദേവസ്വം ബോർഡ്; രാഷ്ട്രീയ ചർച്ചകൾ സജീവം

ആഗോള അയ്യപ്പ സംഗമം കഴിഞ്ഞതിന് പിന്നാലെ രാഷ്ട്രീയ ചർച്ചകൾ സജീവം. അയ്യപ്പ സംഗമം വൻ പരാജയം എന്നാണ് കെ.പി.സി.സി വിലയിരുത്തൽ.ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് അണികൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ സെഷനുകളുടെ ഇടവേളയിലെ ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്നാണ് സിപിഐഎമ്മിൻ്റെ പ്രതിരോധം. അയ്യപ്പ സംഗമം വലിയ വിജയമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡും വാദിക്കുന്നു.

എന്നാൽ പ്രതീക്ഷിച്ച പങ്കാളിത്തം ഉണ്ടായില്ലെന്ന അഭിപ്രായമുള്ളവരുമുണ്ട്. അതിനിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസ സന്ദേശം അയച്ചത് ബിജെപി സംസ്ഥാന നേതൃത്വത്തെ കുഴച്ചു.സംസ്ഥാനതലത്തിൽ ബിജെപി ബഹിഷ്കരിച്ച പരിപാടിക്ക് ബിജെപിയുടെ പ്രധാനപ്പെട്ട നേതാവ് ആശംസ നൽകിയത് അണികൾക്കിടയിൽ വിശദീകരിക്കേണ്ടിവരും.

ഇന്നലെ മൂന്ന് സെഷനുകളിലായി ചർച്ചകൾ നടന്നു.ഉദ്ഘാടന വേദിയിൽ ഭഗവത് ഗീതയും ഉപനിഷത്തും ഉദ്ധരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്.അയ്യപ്പസംഗമം തടയാൻ ശ്രമിച്ചവർ നിക്ഷിപ്ത താൽപര്യക്കാരാണ്. ക്ഷേത്ര ഭരണം വിശ്വാസികൾക്ക് വിട്ടുകൊടുക്കണം എന്ന വാദം ഉന്നയിച്ചവർക്ക് കണക്കുകൾ നിരത്തി ആയിരുന്നു മറുപടി. ശബരിമലായിലും റോപ് വേയും വിമാനത്താവളവും യാഥാർഥ്യമാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഗമത്തിൽ പ്രതീക്ഷിച്ച പ്രതിനിധികൾ എത്തിയില്ല. രജിസ്റ്റർ ചെയ്തതിൽ 623 പേർ മാത്രമാണ് വേദിയിൽ എത്തിയത്.ഓൺലൈൻ വഴി 4,245പേരാണ് രജിസ്റ്റർ ചെയ്തത്.ദേവസ്വം ബോർഡ് നേരിട്ട് ക്ഷണിച്ച അഞ്ഞൂറിലധികം പ്രതിനിധികളും പരിപാടിയുടെ ഭാഗമായി.രണ്ടായിരത്തോളം പേർ പങ്കെടുത്തു എന്നാണ് ദേവസ്വം ബോർഡിൻ്റെ വിശദീകരണം.

Be the first to comment

Leave a Reply

Your email address will not be published.


*