
ആഗോള അയ്യപ്പസംഗമം സർക്കാർ ഇറങ്ങിപ്പോകുന്ന സമയത്ത് കളിച്ച നാടകമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. വിഭാഗീയത സൃഷ്ടിച്ച് വർഗീയത കത്തിക്കാൻ ഉള്ള നീക്കമാണിത്. ഒരു സമുദായത്തെ അങ്ങേയറ്റം മോശമാക്കി പറയുന്ന വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഗുരുവിനോളം ഉയർത്തി പുകഴ്ത്തുകയാണ്.വെള്ളാപ്പള്ളി കഴിഞ്ഞ കുറച്ചുകാലമായി പറഞ്ഞുകൊണ്ടിരിക്കുന്നത് മലപ്പുറം ജില്ലയെക്കുറിച്ച് മാത്രമല്ല പരാമർശിക്കുന്നതെന്നും പി എം എ സലാം പറഞ്ഞു.
യഥാർത്ഥ വിശ്വസികൾ അയ്യപ്പ സംഗമത്തിൽ പങ്കെടുത്തിട്ടില്ല. ദയനീയമായ പരാജയമായിരുന്നു ഇന്നലെ നടത്തിയ സംഗമം. ആക്ടിവിസ്റ്റുകളെ ഇറക്കി ശബരിമലയുടെ പരിപാവനത നഷ്ടമാക്കിയത് പിണറായി വിജയൻറെ തന്നെ സർക്കാർ ആയിരുന്നു. നഷ്ടപ്പെട്ട ജന വിശ്വാസം വീണ്ടെടുക്കാൻ ഓരോ ശ്രമങ്ങൾ നടത്തുകയാണ്. ഇതിനെല്ലാം സർക്കാർ പണം ധൂർത്ത് അടിക്കുന്നത് ഖജനാവിൽ നിന്നാണെന്നും പി എം എ സലാം കൂട്ടിച്ചേർത്തു.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നാളെ പന്തളത്ത് ബദൽ അയ്യപ്പ സംഗമം നടക്കും. ശബരിമല സംരക്ഷണ സംഗമം എന്ന പേരിൽ നടക്കുന്ന പരിപാടി രാവിലെ ആരംഭിക്കും. ശബരിമല വിശ്വാസം വികസനം സുരക്ഷാ എന്ന വിഷയത്തിൽ സെമിനാർ നടക്കും. വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികൾ സെമിനാറിന്റെ ഭാഗമാകും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഭക്തജന സംഗമം തമിഴ്നാട് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമല ഉദ്ഘാടനം ചെയ്യും. നാല് ജില്ലകളിൽ നിന്നായി ആയിരത്തോളം ഭക്തരെയാണ് സംഘാടകസമിതി പ്രതീക്ഷിക്കുന്നത്.
Be the first to comment