‘വിമർശനങ്ങളെ തോളിലേറ്റി നടക്കാറില്ല, നല്ല സിനിമകൾ ചെയ്യണം’; മോഹൻലാൽ

48 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്കാരമാണ് ലഭിച്ചതെന്ന് നടൻ മോഹൻലാൽ. പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ജൂറിക്കും സർക്കാരിനും നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുരസ്കാര വിവരം പറയാൻ വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യങ്ങളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

“നല്ല സിനിമകൾ ചെയ്യണം. നല്ല ആളുകളുമായി സഹകരിക്കണം. ലഭിക്കുന്ന അവസരങ്ങളെ മികച്ചതാക്കും. വിമർശനങ്ങളെ താൻ തോളിലേറ്റി നടക്കാറില്ല. സിനിമയ്ക്കു ഇപ്പോൾ പരിമിതികൾ ഇല്ല. സിനിമ എന്നത് പാൻ-ഇന്ത്യൻ ആയി, സംവിധാനം ചെയ്യണം എന്ന തോന്നൽ വന്നാൽ ഇനിയും ചെയ്‌തേക്കും. സിനിമയ്ക്കു അപ്പുറത്തേക്കുള്ള സ്വപ്നം എന്തെന്ന് ചോദിച്ചാൽ ഇപ്പോൾ പറയാനാവില്ല, വളരെ കുറച്ച് സ്വപ്നം കാണുന്ന ആളാണ് ഞാൻ. നല്ല സിനിമകൾ ഉണ്ടാകട്ടെ,” എന്നും മോഹൻലാൽ പറഞ്ഞു. ദൃശ്യം 3 ചിത്രീകരണം നാളെ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം 2023ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. മോഹന്‍ലാലിൻ്റെ ചലച്ചിത്ര യാത്ര തലമുറകളെ പ്രജോദിപ്പിത്തക്കുന്നതാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് ഇതിഹാസ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എല്ലാമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും കുറിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 23ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*