
തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ചയുടെ പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം മറ്റന്നാൾ വിഷയം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോൾ വിലക്ക് നീക്കിയുള്ള ഉത്തരവ് പുറപ്പെടുവിക്കാനാണ് ഇരുന്നതെന്ന് കോടതി പറഞ്ഞു. എന്നാൽ റോഡ് തകർച്ചയുടെ പശ്ചാത്തലത്തിൽ നിലവിൽ ഉത്തരവ് ഇടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
ഹർജി പരിഗണിച്ച കോടതി മുരിങ്ങൂർ സർവീസ് റോഡ് തകർന്നിട്ടുണ്ടോ എന്ന് ചോദിച്ചു. ഇന്നലെയാണ് തകർന്നതെന്നും താൽകാലിക നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് കളക്ടർ മറുപടി നൽകി. എന്നാൽ പൂർണമായും പരിഹരിച്ചട്ടില്ല എന്നും കളക്ടർ കൂട്ടിച്ചേർത്തു. അതേസമയം പ്രശ്നങ്ങൾ പരിഹരിച്ചെന്ന് എൻഎച്ച്എഐ പറഞ്ഞു. എന്തുകൊണ്ട് റോഡ് തകർന്നുവെന്ന് കോടതി ചോദിച്ചു. ആഴത്തിൽ മണ്ണ് എടുത്തപ്പോഴാണ് തകർന്നത് എന്ന് മറുപടി നൽകി.
പ്രശ്നം പെട്ടന്ന് പരിഹരിക്കാൻ കോടതി നിർദേശിച്ചു. കർശന ഉപാധികളോടെ ടോൾ പിരിവ് പുനരാരംഭിക്കാനുള്ള ഉത്തരവ് ഇന്നുണ്ടാകുമെന്ന് ആയിരുന്നു കോടതി നേരത്തെ അറിയിച്ചിരുന്നത്. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിർമ്മാണത്തിന്റെ അപാകതകൾ ചൂണ്ടിക്കാണിച്ചു നൽകിയ ഹർജിയിലാണ് ടോളിന് വിലക്കേർപ്പെടുത്തിയിരുന്നത്. ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 6 മുതലാണ് പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞത്.
ll
Be the first to comment