ആ സമനിലഗോള്‍ നാടകീയം തന്നെ!; അവസാന നിമിഷത്തിലെ പ്രഹരം സിറ്റി മറക്കില്ല

അതിശക്തമായ ആര്‍സണല്‍ മുന്നേറ്റങ്ങളെ പെപ് ഗാര്‍ഡിയോളയുടെ പ്രതിരോധ ഭടന്മാര്‍ ഒന്നൊന്നായി ഇല്ലാതാക്കിയിട്ടും ഇന്‍ജുറി സമയത്തിന്റെ അവസാന സെക്കന്റുകളിലൊന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റി വരുത്തിയ പിഴവിലായിരുന്നു ആ പ്രഹരം. ഞായറാഴ്ച ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്‌സില്‍ തീര്‍ത്തും തീപാറുന്ന പോരാട്ടമായിരുന്നു. മൂന്ന് പോയിന്റ് സ്വന്തമാക്കാന്‍ സിറ്റിയെ സമ്മതിക്കില്ലെന്ന വാശിയിലായിരുന്നു ഗണ്ണേഴ്‌സിന്റെ നീക്കങ്ങള്‍ ഓരോന്നും. അവസാനം വരെ പൊരുതിയിട്ടും നിശ്ചിത സമയത്തിനുള്ളില്‍ സ്‌കോര്‍ കണ്ടെത്താന്‍ പക്ഷേ ആര്‍സണലിന് ആയില്ല. കളി അവസാനിക്കാന്‍ മൂന്നുമിനിറ്റുകള്‍ മാത്രം ശേഷിക്കെ അവസാന ശ്രമത്തിലേക്ക് കടന്നപ്പോഴായിരുന്നു ആഗോള്‍.

ആര്‍സണലിന്റെ പകരക്കാരനായി ഇറങ്ങിയ ഇംഗ്ലീഷ് താരം എബെറെച്ചി എസെ സിറ്റിയുടെ നിറഞ്ഞ പ്രതിരോധനിരക്ക് മുകളിലൂടെ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയെ ലക്ഷ്യമാക്കി ഒരു ഉഗ്രന്‍ പാസ് നല്‍കുന്നു. ഗോളിലേക്കാണെന്ന് ആദ്യഘട്ടത്തില്‍ തോന്നാത്ത ഒരു പന്തായിരന്നു അത്. എന്നാല്‍ സിറ്റിയുടെ പ്രതിരോധം മുഴുവനായി താളം തെറ്റിനില്‍ക്കുന്ന സമയത്ത് ലഭിച്ച പാസുമായി ബ്രസീലിയന്‍ മൂന്ന് ചുവട് മുന്നോട്ട് കുതിച്ചു. പിന്നെ അതുവരെ കിടിലന്‍ സേവുകള്‍ കൊണ്ട് കളം നിറഞ്ഞ ഗിയാന്‍ലൂയിഗി ഡൊണാറുമ്മയുടെ തലക്ക് മുകളിലൂടെ അതിവിധഗ്ദ്ധമായി പന്തിനെ ഗോള്‍വലയിലേക്ക് എത്തിക്കുന്നു. ഒരു നിമിഷം എമിറേറ്റ്‌സ് ഗ്യാലറികളെ തീപിടിപ്പിക്കാന്‍ പോന്ന പ്രകടനമായിരുന്നു അത്. ആര്‍സണലിന്റെ നാടകീയ സമനില ഗോള്‍ 1-1. സിറ്റി തോറ്റതിന് തുല്യം.

നേരത്തെ മത്സരം തുടങ്ങി ഒന്‍പതാം മിനിറ്റില്‍ തന്നെ നെതര്‍ലാന്‍ഡ്‌സ് താരം ടിജാനി റെയ്ന്‍ഡേഴ്‌സിന്റെ പാസില്‍ നോര്‍വെ താരം ഏര്‍ലിങ് ഹാലന്‍ഡ് സിറ്റിക്കായി സ്‌കോര്‍ ചെയ്തിരുന്നു. ആഴ്‌സണല്‍ മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ബെല്‍ജിയം അറ്റാക്കര്‍ ജെറേമി ഡോക്കുവിന്റെ ഗോളെന്നുറച്ച നീക്കങ്ങള്‍ കണ്ടു. എന്നാല്‍ തലനാരിഴ വ്യത്യാസത്തില്‍ പന്ത് പുറത്തേക്ക് പോകുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*