തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും തെരഞ്ഞെടുപ്പ് കമ്മീഷണറും ഇന്ന് കൂടിക്കാഴ്ച നടത്തും

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറും ഇന്ന് കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ എസ്‌ഐആര്‍ നടപടികള്‍ തദ്ദേശതിരഞ്ഞെടുപ്പ് വരെ നീട്ടി വെക്കണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ച.

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ രീതിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. സര്‍വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികളും എസ്‌ഐആറിനെ എതിര്‍ത്താണ് രംഗത്ത് എത്തിയത്. വോട്ടര്‍ പട്ടിക പരിഷ്‌കരണം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മതി എന്നാണ് അന്ന് ഇവര്‍ എല്ലാം ആവശ്യപ്പെട്ട പ്രധാന കാര്യം. പൂര്‍ണമായും എതിര്‍ക്കുന്നുണ്ടെങ്കിലും ഏതെങ്കിലും തരത്തില്‍ നടപ്പിലാക്കുന്നുണ്ടെങ്കില്‍ തിരഞ്ഞെടുപ്പിന് ശേഷം മതി എന്നായിരുന്നു നിലപാട്. ഈയൊരു ആവശ്യം ഉന്നയിച്ചുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍കര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനില്‍ കത്ത് നല്‍കിയത്.ഇതിനു പിന്നാലെയാണ് യോഗം ചേരാന്‍ തീരുമാനിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം. നിലവിലെ സാഹചര്യം വിലയിരുത്തുക എന്നതാണ് യോഗത്തിന്റെ ഉദ്ദേശ്യം.

Be the first to comment

Leave a Reply

Your email address will not be published.


*