
കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യത്തില്‍ കമ്മീഷന്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിഷ്‌കരണം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് കത്ത് നല്‍കിയത്.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരിഷ്‌കരണം നീട്ടുന്നത്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനും തദ്ദേശ തിരഞ്ഞെടുപ്പിനും ഒരേ സംവിധാനം തന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്. ഇപ്പോള്‍ പരിഷ്‌കരണ നടപടികള്‍. തുടങ്ങിയാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് താളം തെറ്റുമെന്നാണ് വിലയിരുത്തല്‍.
രാജ്യവ്യാപക എസ്‌ഐആര്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ മാസം അവസാനം തന്നെ പ്രാരംഭ നടപടികള്‍ ആരംഭിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. 2002നും 2004നും ഇടയിലാണ് എല്ലാ സംസ്ഥാനങ്ങളിലും മുന്‍പ് എസ്‌ഐആര്‍ നടത്തിയത്. കേരളം 2002ലെ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
കേരളത്തില്‍ അടുത്തവര്‍ഷം മേയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിനിടയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടപടികള്‍ കൂടി പുരോഗമിക്കുന്നതിനാല്‍ എസ്‌ഐആര്‍ നടപടികള്‍ സങ്കീര്‍ണ്ണം ആകുമെന്ന ആക്ഷേപമാണ് സര്‍വകക്ഷി യോഗത്തില്‍ ബിജെപി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ചത്. തദ്ദേശ വാര്‍ഡുകളുടെയും തുടര്‍ന്ന് തദ്ദേശസ്ഥാപന അധ്യക്ഷ സ്ഥാനങ്ങളിലേക്ക് ഉള്ള സംവരണം നിശ്ചയിക്കുന്ന നടപടികള്‍ ഈ മാസം അവസാനമോ ഒക്ടോബര്‍ ആദ്യമൊ നടക്കും. ഇതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ സാവകാശം നല്‍കണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ആവശ്യം.
കേരളം, ബംഗാള്‍, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമീഷന്റെ ഏകപക്ഷീയ നീക്കം കടുത്ത ആരോപണങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയുടെ തീവ്ര പുനഃപരിശോധന കേരളത്തില്‍ നടപ്പാക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്നാണ് സിപിഐഎം നിലപാട്.
Be the first to comment