കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട് നിർമ്മാണം പൂർത്തിയായി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട് നിര്‍മ്മാണം പൂര്‍ത്തിയായതായി മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. വെള്ളിയാഴ്ച  ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു വീടിന്റെ താക്കോല്‍ കൈമാറും.

ബിന്ദുവിന്റെ മരണം ഏറെ വേദനാജനകമായിരുന്നുവെന്നും ബിന്ദുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കുകയാണെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. പുതുതായി നിര്‍മ്മിച്ച വീടിന്റെ ചിത്രം മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക കണ്ടെത്തിയത്.

ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. രോഗിയായ മകള്‍ക്ക് കൂട്ടിരിക്കാനായി ആശുപത്രിയില്‍ എത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു കെട്ടിടത്തിനടിയില്‍പ്പെട്ട് മരിക്കുകയായിരുന്നു. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. 

Be the first to comment

Leave a Reply

Your email address will not be published.


*