‘ശബരിമല കേന്ദ്രം ഏറ്റെടുക്കും’; മോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്: സുരേഷ് ഗോപി

കോട്ടയം : ശബരിമല ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഏകീകൃത സിവില്‍ കോഡ് വരുന്നതോടെ ശബരിമല പ്രശ്‌നം തീരും. ശബരിമല വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഫെഡറലിസം മാനിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോള്‍ വിഷയത്തില്‍ ഇടപെടാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.

കോട്ടയത്തെ പാലാ മേവട പുറക്കാട്ട് ദേവീക്ഷേത്രം ആൽത്തറയിൽ കലുങ്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഏകീകൃത സിവില്‍ കോഡ് ഉടന്‍തന്നെ വരുമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്. ഇതു വന്നു കഴിഞ്ഞാല്‍ ക്ഷേത്രങ്ങള്‍ക്കായി പ്രത്യേക ബില്ല് പിന്നാലെ കൊണ്ടുവരും. ക്ഷേത്രങ്ങള്‍ക്കായി ദേശീയ സംവിധാനവും നിലവില്‍ വരുന്നതാണ്.

ഇതോടെ കേന്ദ്രത്തില്‍ ദേവസ്വം വകുപ്പ് വരും. അതിന് കീഴിലാകും ക്ഷേത്രങ്ങള്‍. അത് വരാന്‍ ആകില്ല എന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രതലത്തിൽ ദേവസ്വം ബോർഡ്‌ പോലൊരുസംവിധാനം വരുന്നതോടെ എല്ലാ ആരാധനാലയങ്ങളുടെയും പ്രവർത്തനം ഒരേ രീതിയിലാകും. കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.

എയിംസ് വന്നാൽ കേരളത്തിന്റെ തലയിലെഴുത്ത് മാറും. അതിനായി തറക്കല്ലെങ്കിലും ഇടാതെ അടുത്തതവണ വോട്ട് ചോദിച്ച് എത്തുകയില്ല. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നാണ് ആഗ്രഹം. ഇതിനായി സ്ഥലം അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞു. ആലപ്പുഴ എയിംസ് വന്നാൽ തൊട്ടടുത്ത ജില്ലകൾക്കും ഗുണമാകും. കുമരകം കടന്ന് കോട്ടയം വഴി മധുര വരെയുള്ളവർക്ക് എയിംസ് ഗുണകരമാകും. കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*