ചൂലുമായി വനിതാ പ്രവർത്തകർ തെരുവിൽ ഇറങ്ങും; പാലക്കാടെത്തിയ രാഹുലിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ബിജെപിയും ഡിവൈഎഫ്ഐയും

പാലക്കാട് എത്തിയ രാ​ഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ബിജെപിയും ഡിവൈഎഫ്ഐയും. ചൂലുമായി വനിതാ പ്രവർത്തകർ തെരുവിൽ ഇറങ്ങുമെന്ന് ഡിവൈഎഫ്ഐ. സിപിഐഎം പ്രതിഷേധിക്കില്ലെന്ന് നേരത്തെ എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ശക്തമായ പ്രതിഷേധം നടത്തുമെന്നാണ് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം അറിയിക്കുന്നത്. പരിപാടികൾ നടക്കുന്നിടത്ത് ചൂലുമായി വനിതാ പ്രവർത്തകരെ എത്തിക്കാനാണ് നീക്കം.

ബിജെപിയും രാഹുലിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ അറിയിച്ചു. രാഹുലിന്റെ പൊതുപരിപാടികൾക്ക് നേരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പ്രശാന്ത് ശിവൻ പറഞ്ഞു. പുറകെ ഓടി പ്രതിഷേധിക്കാൻ പറ്റില്ല. അതുകൊണ്ട് പ്രതിഷേധം ഭയന്ന് രാഹുൽ ഓടി നടക്കുകയാണെന്ന് പ്രശാന്ത് പറഞ്ഞു.

ലൈം​ഗിക ആരോപണ വിവാദങ്ങൾക്ക് ശേഷം 38 ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയത്. പ്രാദേശിക കോൺഗ്രസ് നേതാക്കളും രാഹുലിന് ഒപ്പമുണ്ടായിരുന്നു. അതേസമയം രാഹുലിന്റെ മണ്ഡലത്തിലേക്കുള്ള വരവ് ഡിസിസി അറിവൊടെയല്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ വ്യക്തമാക്കി. രാഹുലിന് മണ്ഡലത്തിൽ വരാൻ ഉള്ള അവകാശം ഉണ്ട്. രാഹുലിനൊപ്പം പോയ നേതാക്കൾക്കെതിരെ നടപടി ഉണ്ടാകില്ല. അവർ വ്യക്തിപരമായി രാഹുലിനോപ്പം പോയതാകുമെന്നും നടപടി എടുക്കേണ്ട കാര്യമില്ലെന്നും തങ്കപ്പൻ പറഞ്ഞു.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് എംഎൽഎ ഓഫീസിന്റെ സുരക്ഷ കൂട്ടി. ഓ​ഗസ്റ്റ് 17നാണ് അവസാനമായി പാലക്കാട് എത്തിയത്. സെപ്റ്റംബർ 15ന് നിയമസഭയിൽ എത്തിയിരുന്നു. എന്നാൽ‌ അന്ന് രാഹുലിന്റെ വാഹനം തടഞ്ഞ് എസ്എഫ്ഐ പ്രതിഷേധം നടത്തിയിരുന്നു. രാഹുലിനെ പാലക്കാട് വരാൻ അനുവദിക്കില്ലെന്ന് ബിജെപിയും ഡിവൈഎഫ്ഐയും നിലപാട് എടുത്തിരുന്നു. അതിനാൽ പാലക്കാട് എത്തിയ രാുലിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത.

Be the first to comment

Leave a Reply

Your email address will not be published.


*