
ആഗോള അയ്യപ്പ സംഗമത്തെ അനുകൂലിച്ച് നടത്തിയ പ്രതികരണത്തില്‍ കോണ്‍ഗ്രസിന് നേരെ വിമര്‍ശനമുന്നയിച്ചതില്‍ വിശദീകരണവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ആഗോള സംഗമത്തിലെ സദസ്സിലെ ഒഴിഞ്ഞ കസേരകള്‍ ചൂണ്ടിക്കാട്ടിയുള്ള കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും പരിഹാസത്തിന് ജി സുകുമാരന്‍ നായര്‍ മറുപടി പറഞ്ഞു. ആളുകൂടുന്നതിലല്ല കാര്യമെന്നും അത് ആര്‍ക്കും പറ്റുമെന്നും ശബരിമലയിലെ കാര്യങ്ങള്‍ എങ്ങനെ നടക്കുന്നു എന്നതാണ് പ്രധാനമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് മുഖ്യമന്ത്രി ആരാകും എന്ന തര്‍ക്കമാണെന്നും അദ്ദേഹം തിരിച്ചടിച്ചു. ശബരിമല സ്ത്രീപ്രവേശന വിവാദത്തിലുള്‍പ്പെടെ സര്‍ക്കാരെടുത്ത നിലപാടിനെ ശരിവച്ച് പ്രതികരണം നടത്തിയതിന് പിന്നാലെയാണ് ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വിമര്‍ശനത്തിലും സര്‍ക്കാരിനെ പ്രതിരോധിച്ച് എന്‍എസ്എസ് നിലപാട് പറഞ്ഞിരിക്കുന്നത്.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി സമദൂര നിലപാടെടുക്കുന്നതും വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐഎമ്മിനോട് പലപ്പോഴും ഇടയുകയും ചെയ്യുന്ന പതിവ് രീതികളില്‍ നിന്ന് മാറി ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചത് കോണ്‍ഗ്രസിന് ഉള്‍പ്പെടെ വലിയ ആഘാതമായിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന് പ്രതിനിധിയെ അയച്ചാണ് എന്‍എസ്എസ് പിന്തുണ നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിനൊപ്പം ആണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാന്‍ നടപടി എടുക്കുകയാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സ്ത്രീപ്രവേശന വിധിക്കെതിരെ എന്‍എസ്എസ് നാമജപ ഘോഷയാത്ര നടത്തി. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീപ്രവേശനം അനുവദിച്ചില്ല. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും കോണ്‍ഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്നം പരിഹരിക്കുമെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും എന്‍എസ്എസിന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അതേസമയം ഇടതുപക്ഷത്തോട് അടുത്ത എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. എന്‍എസിഎസിനെ ഒരു കാരണവശാലും പിണക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇതിനാല്‍ വിശ്വാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ പാര്‍ട്ടിക്കുള്ള നിലപാട് പ്രധാന നേതാക്കള്‍ തന്നെ എന്‍എസ്എസിനെ അറിയിക്കും. വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കാര്യമായി ഒന്നും ചെയ്തില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് തിരക്കിട്ട അനുനയ നീക്കങ്ങള്‍ക്ക് പദ്ധതിയിടുന്നത്.
Be the first to comment