പാലിയേക്കര ടോൾ പിരിവ്; കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും, ഹൈക്കോടതി തീരുമാനം ഇന്ന്

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതി തീരുമാനം ഇന്ന്. മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതിൽ ജില്ലാ കളക്ടർ ഇന്ന് കോടതിക്ക് റിപ്പോർട്ട് നൽകും. കളക്ടറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചശേഷമായിരിക്കും ഡിവിഷൻ ബെഞ്ചിന്‍റെ തീരുമാനം. ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനെത്തുടർന്ന് ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞത് ഒരു മാസം മുമ്പാണ്. ടോൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് സെപ്റ്റംബര്‍ 22 ന് ഉണ്ടാകും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ടോൾ പിരിവ് പുരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയും ചെയ്തു.

ഹർജികൾ വീണ്ടും ഇന്ന് പരിഗണിക്കും. ചില വ്യവസ്ഥകളോടെ ടോൾ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. ജനവികാരത്തിനൊപ്പം ആണ് കോടതി എന്ന് പാലിയേക്കരയിലെ പരാതിക്കാരിൽ ഒരാളായ ഷാജി കോടങ്കണ്ടത്തിൽ പ്രതികരിച്ചു. ടോൾ പുനസ്ഥാപിച്ചാൽ 50% മാത്രം ഈടാക്കാനെ അനുവാദം നൽകാവൂ എന്ന് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു. ടോൾ പിരിവ് പുനരാരംഭിക്കാൻ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. കടുത്ത ഗതാഗതക്കുരുക്കിനെ സർവീസ് റോഡുകളിലടക്കം അറ്റകുറ്റപ്പണി അവസാനഘട്ടത്തിലാണെന്ന് തൃശൂർ ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*