‘അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു, അതു കാണുമ്പോള്‍ വിഷമം’; മുഷ്ടി ചുരുട്ടി ശരണം വിളിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ആഗോള അയ്യപ്പ സംഗമത്തില്‍ മുഷ്ടി ചുരുട്ടി ശരണം വിളിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. മുഷ്ടി ചുരുട്ടി ശരണം വിളിക്കാന്‍ പാടില്ലായിരുന്നു. പ്രസംഗത്തിനിടെ താന്‍ അറിയാതെ സംഭവിച്ചുപോയതാണ്. അങ്ങനെ പാടില്ലായിരുന്നു. ആ ദൃശ്യം കാണുമ്പോള്‍ വിഷമമുണ്ട്. സത്യത്തില്‍ താന്‍ വലിയ വിശ്വാസിയാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

തൻ്റെ പ്രസംഗം ചൂണ്ടിക്കാട്ടി വിമര്‍ശിക്കുന്നതില്‍ ഒരു കഴമ്പുമില്ല. ശബരിമല പ്രക്ഷോഭകാലത്ത് അയ്യപ്പൻ്റെ പേരു പറഞ്ഞ് മുദ്രാവാക്യം വിളിച്ചും വിളിക്കാതെയും എന്തെല്ലാം കോപ്രായങ്ങളാണ് നടന്നത്. അങ്ങനെയുള്ളവരാണ് ഇപ്പോള്‍ തന്നെ കളിയാക്കുന്നതെന്നും പി എസ് പ്രശാന്ത് പറഞ്ഞു. എത്രയോ സ്വാമിമാര്‍ സ്വാമിയേ ശരണമയ്യപ്പാ എന്ന് മുഷ്ടി ചുരുട്ടി വിളിക്കുന്നതൊക്കെ യുട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ കാണാന്‍ കഴിയുമെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

ആഗോള അയ്യപ്പ സംഗമം വന്‍ വിജയമായിരുന്നു എന്നാണ് ദേവസ്വം ബോര്‍ഡിൻ്റെ വിലയിരുത്തല്‍. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഞങ്ങള്‍ മറുപടി പറയേണ്ടതില്ല. എന്‍എസ്എസ്, എന്‍ഡിപി, കെപിഎംഎസ് തുടങ്ങി 29 ഓളം സമുദായ സംഘടനകളുടെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു. അതുകൊണ്ടാണ് പരിപാടി വിജയിപ്പിക്കുവാന്‍ സാധിച്ചത്. പന്തളത്ത് നടന്ന ബദല്‍ സംഗമം ഒരു പ്രതിഷേധ പരിപാടിയായി മാറി എന്നതിനപ്പുറം, ശബരിമല വികസനത്തിന് എന്തു ഗുണം ചെയ്തു എന്ന് അവര്‍ തന്നെ വിലയിരുത്തട്ടെ എന്നും പ്രശാന്ത് പറഞ്ഞു.

ശബരിമല കേന്ദ്രം ഏറ്റെടുക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിമര്‍ശിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട കവനന്റിനെക്കുറിച്ച് ആധികാരികമായി അറിവില്ലാത്തതുകൊണ്ടാണ് ആ പ്രസ്താവന. അദ്ദേഹം പറഞ്ഞത് അപകടകരമായ പ്രസ്താവനയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 1242 ക്ഷേത്രങ്ങളുണ്ട്. അതില്‍ 50 ല്‍ താഴെ ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വയം പര്യാപ്തമായിട്ടുള്ളത്. 40,000 കുടുംബങ്ങള്‍ പ്രത്യേക്ഷമായും പരോക്ഷമായും കഴിഞ്ഞുപോകുന്ന ആത്മീയസ്ഥാപനം തകര്‍ക്കുക എന്ന ലക്ഷ്യമാണോ സുരേഷ് ഗോപിയുടെ പ്രസ്താവനയുടേതെന്നും പ്രശാന്ത് ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*