
തിരുവനന്തപുരം തിരുമല ബി ജെ പി കൗൺസിലർ അനിൽകുമാർ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ. കന്റോൺമെന്റ് എ സി പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക. പൂജപ്പുര സി ഐ, എസ് ഐ എന്നിവർ ടീമിൽ ഉണ്ട്. അന്വേഷണ സംഘത്തെ നിയമിച്ച് ഉത്തരവായി.
അനിൽകുമാറിന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് മന്ത്രി വി ശിവൻ കുട്ടി ആവശ്യപെട്ടിരുന്നു. അനിലിന്റെ മരണത്തിൽ രാജീവ് ചന്ദ്രശേഖരനടക്കമുള്ള ബി ജെ പി നേതാക്കൾക്ക് പങ്കുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ബാങ്ക് വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ അനിൽ കുമാർ പ്രസിഡന്റായ വലിയശാല ഫാം സൊസൈറ്റിയിൽ നിന്നും ലോൺ നൽകിയതിൽ കൂടുതലും ബിജെപി നേതാക്കൾക്കും സഹപ്രവർത്തകരായ കൗൺസിലർമാർക്കും ആണെന്ന വിവരം ഇതിനിടെ പുറത്തുവന്നു. ലോണെടുത്ത് അടക്കാത്തവരുടെ പട്ടികയിൽ ബിജെപി സംസ്ഥാന നേതാക്കൾ വരെയുണ്ട്. ആത്മഹത്യയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നേതാക്കളും പ്രവർത്തകരും തമ്മിൽ വാക്ക് പോര് മുറുകുകയാണ്. അനിൽകുമാർ തെറ്റ് ചെയ്തിട്ടില്ലെന്ന് ബിജെപി നേതാവ് എസ് സുരേഷിന്റെ ഭാര്യ അഡ്വ. അഞ്ജനാ ദേവിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമർശനവുമായി മുൻ കൗൺസിലറും ബി ജെ പി നേതാവുമായ ഹരിശങ്കർ രംഗത്ത് എത്തി. ഭരണസമിതി അംഗങ്ങളായ നേതാക്കൾ
അനിലിനെ പിന്തുണച്ചില്ലെന്നും വിമർശനമുണ്ട്.
ആത്മഹത്യയ്ക്ക് കാരണം ബാങ്കിലെ പ്രതിസന്ധിയെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങൾ അനിലിന്റെ കൈപ്പടയിലെഴുതിയ കുറിപ്പിൽ പറയുന്നു. വലിയശാല ഫാം സൊസൈറ്റിയിൽ 7 കോടിയിലധികം രൂപ വായ്പ നൽകിയിരുന്നു. വായ്പ കൊടുത്തവർ പലരും പണം തിരികെ നൽകിയില്ല. നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കൊടുക്കാൻ കഴിഞ്ഞില്ല. പണം തിരികെ കൊടുക്കാൻ സാധിക്കാതെ വന്നപ്പോൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. എല്ലാ കുറ്റവും തന്റെ പേരിലായി, താൻ ഒറ്റപ്പെട്ടു. പാർട്ടി നേതൃത്വവും സഹായിച്ചില്ല..അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് അനിൽ എഴുതിയ ആത്മഹത്യ കുറിപ്പിലുള്ളത്.
Be the first to comment