പൃഥ്വിരാജിൻ്റെ മേഘ്ന ​ഗുൽസാർ ചിത്രം ദായ്റയുടെ ചിത്രീകരണം തുടങ്ങി ; നായിക കരീന കപൂർ

ജം​ഗ്ലീ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ക്രൈം ​ഡ്രാമയായ ദായ്റയുടെ ചിത്രീകരണം തുടങ്ങി. റാസി, തൽവാർ, സാം ബഹാദൂർ തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മേഘ്ന ​ഗുൽസാറാണ് ദായ്റ സംവിധാനം ചെയ്യുന്നത്. പ്രിഥ്വിരാജ് സുകുമാരൻ പോലീസ് ഇൻസ്പെക്ടറുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ കരീന കപൂർ ആണ് നായിക. ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ച്ചയാണ് ദായ്റ. കുറ്റം, ശിക്ഷ, നീതി എന്നിവയുടെ കാലാതീതമായ വൈരുദ്ധ്യത്തെക്കുറിച്ച് ഈ ചിത്രം സംസാരിക്കുന്നു.

റാസി,തൽവാർ, ബദായി ദോ തുടങ്ങിയ മികച്ച കഥകൾ പ്രേക്ഷകരിലേക്ക് എത്തിച്ച ജംഗ്ലീ പിക്‌ചേഴ്‌സും ഡോ. ജയന്തിലാൽ ഗാഡയുടെ നേതൃത്വത്തിലുള്ള ബോളിവുഡ് ബാനറായ പെൻ സ്റ്റുഡിയോസും ( ആർആർആർ, ​ഗം​ഗുഭായ് കത്തിയാവാഡി) ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട് ദായ്റക്ക്. വലിയ കാൻവാസിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഈ വർഷം ഇറങ്ങിയ മലയാള ചിത്രമായ റോന്തിലൂടെ ജം​ഗ്ലീ പിക്ചേഴ്സ് മോളിവുഡിലും ചുവടുവെച്ചിരുന്നു. മേഘ്നയുമൊന്നിച്ചുള്ള ജം​ഗ്ലീ പിക്ചേഴ്സിൻ്റെ മൂന്നാമത്തെ ചിത്രമാണ് ദായ്റ.

ഷൂട്ടിങ്ങിന്റേതായി ആദ്യം പുറത്തുവന്ന ദൃശ്യങ്ങൾ തന്നെ ദായ്റ ശക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ക്രൈം ത്രില്ലറായിരിക്കും എന്ന സൂചന നൽകുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് പ്രിഥ്വിരാജിൻ്റെ ഒരു പോലീസ് വേഷം വരുന്നത്. മേഘ്‌നയോടൊപ്പം യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് തിരക്കഥ എഴുതുന്നത്. 2026ലെ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമായി ഇതോടെ ദായ്റ മാറിയിരിക്കുന്നു.

ഈ ചിത്രത്തിൻ്റെ തിരക്കഥ കേട്ടപ്പോൾ തന്നെ ഇത് ചെയ്യണം എന്ന് ഉറപ്പിച്ചതായി പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. കഥ പുരോഗമിക്കുമ്പോൾ തൻ്റെ കഥാപാത്രവും അയാൾ ചെയ്യുന്ന കാര്യങ്ങളും തന്നെ പൂർണമായും ആകർഷിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു. മേഘ്ന ഗുൽസാറിൻ്റെ കാഴ്ചപ്പാടിലും, ജംഗ്ലീ പിക്ചേഴ്സിൻ്റെ ബാനറിലും, കരീന കപൂർ പോലുള്ള ഒരു നടിയോടൊപ്പം പ്രവർത്തിക്കുന്നതും തന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു അനുഭവമായിരിക്കുമെന്നും അദേഹം ചിത്രം ലോഞ്ച് ചെയ്ത വേളയിൽ പറഞ്ഞിരുന്നു. പിആർഒ- സതീഷ് എരിയാളത്ത്.

Be the first to comment

Leave a Reply

Your email address will not be published.


*