‘ബാൾട്ടി’; ഷെയ്ൻ നിഗത്തിൻ്റെ ആക്ഷൻ യാത്രയിലെ അടുത്ത തീപ്പൊരി

ആർഡിഎക്‌സ്’ എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം മലയാളത്തിൻ്റെ യുവതാരം ഷെയ്ൻ നിഗം വീണ്ടുമൊരു ആക്ഷൻ ഹീറോയുടെ കുപ്പായമണിയുന്നു. സ്പോർട്സ് ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ബാൾട്ടി’ നാളെ മുതൽ തിയേറ്ററുകളിലേക്ക് എത്തുകയാണ്. കബഡി കളിയുടെ ആവേശവും തീവ്രമായ സൗഹൃദങ്ങളുടെ കഥയും പറയുന്ന ഈ ചിത്രം പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

വേലംപാളയം എന്ന അതിർത്തി ഗ്രാമത്തിലെ ‘പഞ്ചമി റൈഡേഴ്‌സ്’ എന്ന കബഡി ടീമിൻ്റെയും അവരുടെ ജീവിതത്തിലെ ഉയർച്ചതാഴ്ചകളുടെയും കഥയാണ് ‘ബാൾട്ടി’. ഷെയ്ൻ നിഗത്തിൻ്റെ ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങളും, ഗില്ലി പോലുള്ള ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന കബഡി കോർട്ടിലെ വീറും വാശിയും ചിത്രത്തിൻ്റെ ഹൈലൈറ്റുകളാണ്.

അതുല്യമായ താരനിരയാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. സംവിധായകൻ അൽഫോൻസ് പുത്രൻ ‘സൈക്കോ ബട്ടർഫ്‌ളൈ സോഡാ ബാബു’ എന്ന രസകരമായ കഥാപാത്രത്തിലൂടെ അഭിനയ രംഗത്ത് സജീവമാകുന്നു. തമിഴിലെ പ്രശസ്തനായ സംവിധായകൻ സെൽവരാഘവൻ, മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധേയയായ പൂർണിമ ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘അയോധി’ എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ പ്രീതി അസ്രാനിയാണ് ചിത്രത്തിലെ നായിക. പ്രശസ്ത നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നു എന്നതും ഈ ചിത്രത്തിന് ഒരു മുതൽക്കൂട്ടാണ്.

നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ‘ബാൾട്ടി’ നിർമ്മിക്കുന്നത് സന്തോഷ് ടി. കുരുവിളയും ബിനു ജോർജും ചേർന്നാണ്. ‘ജാലക്കാരി’ എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധ നേടിയ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ആവേശത്തിലാഴ്ത്തുമെന്നാണ് അണിയറപ്രവർത്തകർ ഉറപ്പ് നൽകുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*