
സിപിഐഎം നേതാവ് കെ.ജെ.ഷൈൻ നൽകിയ സൈബർ അധിക്ഷേപ പരാതിയിൽ അറസ്റ്റിലായ യൂട്യൂബർ കെ.എം ഷാജഹാനെ കൊച്ചിയിൽ എത്തിച്ചു. ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് എത്തിച്ചത്. ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കെഎം ഷാജഹാൻ അറസ്റ്റിലായത്. ഒരുപാട് കാര്യങ്ങൾ ഇനി പറയാനുണ്ടെന്നും മുഖ്യമന്ത്രിയെ പറ്റി വെളിപ്പെടുത്താൻ കാര്യങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇനിയും വെളിപ്പെടുത്താനുണ്ടെന്ന് അറസ്റ്റിന് ശേഷം ഷാജഹാൻ പറഞ്ഞു.
മുഖ്യമന്ത്രിയെക്കുറിച്ച് കെ.എം. ഷാജഹാൻ നേരത്തേയും പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. സൈബർ പൊലീസിന്റെ വിലയിരുത്തൽ ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് . കെ.ജെ ഷൈൻ നൽകിയ ആദ്യ പരാതിയിൽ സൈബർ പൊലീസ് സി.കെ. ഗോപാലകൃഷ്ണൻ, കെ.എം. ഷാജഹാൻ എന്നിവർക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിൽ സി.കെ. ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചപ്പോൾ ഷാജഹാൻ സൈബർ പൊലീസിന് മുന്നിൽ ഹാജരായി മൊഴി നൽകി മടങ്ങി.എന്നാൽ പിന്നീട് അദ്ദേഹം ഷൈൻ ടീച്ചറെ അപകീർത്തിപ്പെടുത്തുന്ന മറ്റൊരു വീഡിയോ കൂടി പുറത്തിറക്കി. ഇതിനെത്തുടർന്ന് കെ.ജെ. ഷൈൻ വീണ്ടും സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആദ്യ കേസിന് ദിവസങ്ങൾക്കുള്ളിൽ തന്നെ സമാനമായ ഒരു കുറ്റം ചെയ്തതിനാൽ കെ.എം. ഷാജഹാൻ ഒരു സ്ഥിരം കുറ്റവാളി ആണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇത് ഗുരുതരമായ ഒരു ക്രിമിനൽ സ്വഭാവമാണ് കാണിക്കുന്നതെന്നും, കോടതിയിൽ അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിർക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
Be the first to comment