സ്വര്‍ണക്കടത്ത്: ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ തള്ളി

സ്വര്‍ണക്കടത്തു കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഇഡി അന്വേഷണത്തിനെതിരെ സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാനാകില്ലെന്ന് കോടതി. ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.

സ്വര്‍ണക്കടത്തു കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു സര്‍ക്കാരിൻ്റെ ജുഡീഷ്യല്‍ അന്വേഷണം. കേസിലെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാനായി റിട്ട. ജസ്റ്റിസ് വി കെ മോഹനനെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചിരുന്നത്. 2021 മാര്‍ച്ച് മാസത്തിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്നതടക്കമുള്ള ആരോപണങ്ങളുമായി കേസിലെ പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ് തുടങ്ങിയവരുടെ ശബ്ദരേഖകള്‍ പുറത്തു വന്നിരുന്നു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിനെ കുടുക്കാന്‍ ഗൂഢാലോചന നടക്കുന്നു. ഇതിനായി രാഷ്ട്രീയപ്രേരിതമായ നീക്കം നടക്കുന്നുവെന്ന വിലയിരുത്തലിലാണ്, വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത് ചോദ്യം ചെയ്ത് ഇഡി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ അനുവദിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന് കീഴിലെ ഒരു വകുപ്പ് മാത്രമാണ് ഇഡിയെന്നും, സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാന്‍ ഇഡിക്ക് കഴിയില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്. എന്നാൽ ജുഡീഷ്യൽ കമ്മീഷനെതിരെ ഇഡിക്ക് കോടതിയിൽ ഹർജി നൽകാവുന്നതാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

high

Be the first to comment

Leave a Reply

Your email address will not be published.


*