‘ഭക്തരെ പിന്നില്‍ നിന്ന് കുത്തിയ കട്ടപ്പ’; ജി സുകുമാരന്‍ നായര്‍ക്കെതിരെ പത്തനംതിട്ടയില്‍ വീണ്ടും പ്രതിഷേധബാനര്‍

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും പ്രതിഷേധബാനര്‍. പത്തനംതിട്ട പ്രമാടം പഞ്ചായത്തിന് മുന്നിലാണ് പ്രതിഷേധബാനര്‍ പ്രത്യക്ഷപ്പെട്ടത്. ഭക്തരെ പിന്നില്‍ നിന്ന് കുത്തിയിട്ട് പിണറായിയുടെ പാദസേവ ചെയ്ത കട്ടപ്പ എന്ന് സുകുമാരന്‍ നായരെ പരിഹസിച്ചുകൊണ്ടാണ് പോസ്റ്റര്‍. ഇന്നലെ വെട്ടിപ്പുറത്തും പ്രതിഷേധ ബാനര്‍ ഉയര്‍ന്നിരുന്നു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പിന്തുണച്ച് ജി സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരായാണ് എന്‍എസ്എസ് കരയോഗങ്ങളില്‍ നിന്നുള്‍പ്പെടെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നത്. 

ളാക്കൂര്‍ എന്‍എസ്എസ് കരയോഗത്തിന് അടുത്തായാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും ബാനര്‍ വച്ചതാരെന്ന് വ്യക്തമാക്കിയിട്ടില്ല. കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട് എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. അതിനാല്‍ എന്‍എസ്എസിനുള്ളില്‍ നിന്നുള്ള വിമര്‍ശനമാണിതെന്ന സംശയം പ്രബലമാകുന്നുണ്ട്. എന്നാല്‍ തങ്ങളുടെ അറിവോടെയല്ല ഇവിടെ ബാനര്‍ വന്നതെന്ന് എന്‍എസ്എസ് കരയോഗം ഭാരവാഹികള്‍  പറഞ്ഞു.

കണയന്നൂര്‍ കരയോഗം ഉള്‍പ്പെടെ സുകുമാരന്‍ നായര്‍ക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ തന്നെയാണ് പത്തനംതിട്ടയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ ബാനറുകള്‍ ഉയര്‍ന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി സമദൂര നിലപാടെടുക്കുന്നതും വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐഎമ്മിനോട് പലപ്പോഴും ഇടയുകയും ചെയ്യുന്ന പതിവ് രീതികളില്‍ നിന്ന് മാറി ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചത് കോണ്‍ഗ്രസിന് ഉള്‍പ്പെടെ വലിയ ആഘാതമായിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന് പ്രതിനിധിയെ അയച്ചാണ് എന്‍എസ്എസ് പിന്തുണ നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിനൊപ്പം ആണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാന്‍ നടപടി എടുക്കുകയാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സ്ത്രീപ്രവേശന വിധിക്കെതിരെ എന്‍എസ്എസ് നാമജപ ഘോഷയാത്ര നടത്തി. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീപ്രവേശനം അനുവദിച്ചില്ല. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും കോണ്‍ഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്നം പരിഹരിക്കുമെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും എന്‍എസ്എസിന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*