
കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിക്കെതിരായ സിപിഐഎം ആരോപണത്തിനെതിരെ പരാതി നല്‍കി പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി എ എന്‍ സുരേഷ് ബാബുവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. പാലക്കാട് ജില്ലാ പോലീസ് മേധാവിക്കാണ് ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയത്.
ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കുമെന്നും സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാസ്റ്റര്‍ ആണ് ഷാഫി പറമ്പിലെന്നായിരുന്നു സുരേഷ് ബാബുവിന്റെ ആരോപണം. ഷാഫി മാത്രമല്ല കോണ്‍ഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ അധ്യാപകരാണ്. സഹികെട്ടാണ് വി ഡി സതീശന്‍ രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തിയപ്പോള്‍ സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. സ്ത്രീ വിഷയത്തില്‍ മുസ്ലിം ലീഗാണ് അവര്‍ക്ക് മാതൃകയെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു. സമയമാകുമ്പോള്‍ ഷാഫിക്കെതിരെ തെളിവുകള്‍ പുറത്തുവിടുമെന്ന വെല്ലുവിളിയും അദ്ദേഹം ഉയര്‍ത്തിയിരുന്നു.
ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞാണോ അടുത്ത തെരഞ്ഞെടുപ്പുകളെ നേരിടുന്നത് എന്ന് സിപിഐഎം വ്യക്തമാക്കണം. സുരേഷ് ബാബുവിന് മറുപടി നല്‍കേണ്ടത് താനല്ല സിപിഐഎം നേതൃത്വമാണ്. നിയമനടപടിയെക്കുറിച്ച് ആലോചിക്കും. അതേ ഭാഷയില്‍ താന്‍ മറുപടി പറയുന്നില്ല. ഇതാണോ സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ. സുരേഷ് ബാബു മറുപടി പോലും അര്‍ഹിക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു.
Be the first to comment