
പെർഫോമൻസ് സെഡാൻ ഇന്ത്യയിലേക്ക് നേരത്തെ എത്തിക്കാൻ സ്കോഡ്. നവംബറിൽ എത്തുമെന്ന് സൂചന ഉണ്ടായിരുന്ന ഒക്ടാവിയ ആർഎസ് അടുത്തമാസം ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. അടുത്ത മാസം ആദ്യം വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിക്കുമെന്ന് വാഹന നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 17നാണ് ഒക്ടാവിയ ആർഎസ് ഇന്ത്യയിലേക്ക് അവതരിപ്പിക്കുക. ഒക്ടോബർ ആറു മുതൽ വാഹനത്തിന്റെ ബുക്കിങും ആരംഭിക്കും. 100 യുണീറ്റ് മാത്രമായിരിക്കും വിൽപനയ്ക്കെത്തുന്നത്.
സ്കോഡ ഒക്ടാവിയ ആർഎസിന്റെ നാലാം തലമുറ മോഡലുകളാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒക്ടാവിയ ഇന്ത്യൻ വിപണിയിലേക്ക് തിരികെയെത്തുന്നത്. ഭാരത് മൊബിലിറ്റി എക്സ്‌പോ 2025 -ലാണ് ഈ പെർഫോമൻസ് സെഡാൻ ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. ബിഎസ് 6 ഫേസ് 2 മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ 2023 ൽ ബ്രാൻഡ് ഒക്ടാവിയയെ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നത്.
7-സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഒക്ടാവിയ ആർഎസിൽ ഉപയോഗിക്കുന്നത്. 265 എച്ച്പി പവറും 370 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. സെഡാന്റെ ആർഎസ് പതിപ്പിന് വെറും 6.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും മണിക്കൂറിൽ 250 കിലോമീറ്റർ വേഗത കൈവരിക്കാമെന്നും സ്കോഡ അവകാശപ്പെടുന്നു.
സുരക്ഷയുടെ കാര്യത്തിൽ, ഇതിന് ഒന്നിലധികം എയർബാഗുകൾ, ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), 360-ഡിഗ്രി ക്യാമറ, ഒരുപക്ഷേ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുടെ (ADAS) സവിശേഷതകളും ലഭിക്കും.
ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സോഫ്റ്റ്-ടച്ച് ബട്ടണുകളുള്ള സെന്റർ കൺസോൾ എന്നിവയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. വിദേശത്ത് നിർമ്മിച്ച് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്ന ഒക്ടാവിയ ആർഎസിന് 45 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയാണ് പ്രതീക്ഷിക്കുന്നത്.
Be the first to comment