‘മാർക്ക് റൂട്ടിന്റെ പ്രതികരണം അടിസ്ഥാനരഹിതം’; നാറ്റോ സെക്രട്ടറി ജനറലിന്റെ പരാമർശം തള്ളി വിദേശകാര്യ മന്ത്രാലയം

പ്രധാനമന്ത്രി നരേന്ദ്ര മോദി വ്ളാഡിമിർ പുടിനെ വിളിച്ച് യുക്രെയ്ൻ യുദ്ധത്തിന്റെ തന്ത്രം വിശദീകരിക്കാൻ ആവശ്യപ്പെട്ടെന്ന നാറ്റോ സെക്രട്ടറി ജനറലിന്റെ പരാമർശം തള്ളി വിദേശകാര്യ മന്ത്രാലയം. മാർക്ക് റൂട്ടിന്റെ പ്രതികരണം അടിസ്ഥാനരഹിതമെന്ന് വിദേശകാര്യ മന്ത്രാലയം. പ്രസ്താവനകൾ നടത്തുമ്പോൾ നാറ്റോ നേതൃത്വം കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഒരിക്കലും നടന്നിട്ടില്ലാത്ത സംഭാഷണങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ സ്വീകര്യമല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. “പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള ഒരു ഫോൺ സംഭാഷണത്തെക്കുറിച്ച് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ട് നടത്തിയ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. ഈ പ്രസ്താവന വസ്തുതാപരമായി തെറ്റും പൂർണ്ണമായും അടിസ്ഥാനരഹിതവുമാണ്. ഒരു ഘട്ടത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് പുടിനുമായി ആ രീതിയിൽ സംസാരിച്ചിട്ടില്ല. അത്തരമൊരു സംഭാഷണം നടന്നിട്ടില്ല,” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ദേശീയ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും കണക്കിലെടുത്താണ് ഊർജ ഇറക്കുമതി തീരുമാനങ്ങൾ എടുക്കുന്നതെന്ന ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ദേശീയ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ തുടർന്നും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*