
ഇടുക്കി വണ്ടിപ്പെരിയാറിൽ സഹോദരിമാരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിഷയത്തിൽ ചൊവ്വാഴ്ചക്കുള്ളിൽ പരിഹാരം കാണാനാകുമെന്ന് ഇടുക്കി ജില്ല കളക്ടർ ദിനേശൻ ചെറുവാട്ട് .വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. കേസ് തീർപ്പാകും വരെ കണക്ഷൻ പുനസ്ഥാപിക്കണമെന്ന് എസ്റ്റേറ്റ് മാനേജ്മെന്റിന് കത്ത് നൽകും.പോബ്സ് ഗ്രൂപ്പിനാണ് കത്ത് നൽകുകയെന്നും കളക്ടർ അറിയിച്ചു.
ഹാഷിനിയുടെയും, ഹർഷിനിയുടെയും വീടിരിക്കുന്ന സ്ഥലത്തിന്മേൽ പോബ്സ് എസ്റ്റേറ്റ് ഉടമസ്ഥാവകാശം ഉന്നയിച്ചിട്ടുണ്ട്. അതിനാലാണ് കുട്ടികളുടെ മുത്തശ്ശൻ വിജയൻ്റെ പേരിൽ പുതിയ കണക്ഷൻ നൽകാൻ തടസ്സം. ഇതോടെയാണ് ഇവർക്ക് നേരത്തെ വൈദ്യുതി ലഭിച്ചിരുന്ന വണ്ടിപ്പെരിയാർ ക്ലബ്ബിൻറെ കണക്ഷൻ പുനസ്ഥാപിക്കാൻ കളക്ടർ ഉത്തരവിട്ടത്. ഗേറ്റ് കണക്ഷൻ വിഭാഗത്തിൽ പതിറ്റാണ്ടുകൾക്ക് മുൻപാണ് വണ്ടിപ്പെരിയാർ ക്ലബിന് കണക്ഷൻ നൽകിയത്. ഇവിടെ തോട്ടത്തിലൂടെ ലൈൻ വലിക്കാൻ പോസ്റ്റ് സ്ഥാപിച്ചിരുന്നത് കെഎസ്ഇബി അല്ല. അതിനാൽ ഇത് പുനസ്ഥാപിക്കാൻ കഴിയില്ലന്നാണ് കെഎസ്ഇബി നിലപാട്. താത്ക്കാലിക റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയാൽ പുതിയ വൈദ്യുതി കണക്ഷൻ നൽകാമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.
സഹോദരിമാരുടെ വീടിന് സമീപമുള്ള തോട്ടത്തിലൂടെ വലിച്ചിരുന്ന പോസ്റ്റുകൾ കാലപ്പഴക്കത്തിൽ ഒടിഞ്ഞുവീണതോടെയാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്.
Be the first to comment