
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിക്കുന്ന ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ദൃശ്യം 3യുടെ ലൊക്കേഷനിൽ നിന്നുമെന്ന വ്യാജേന സോഷ്യൽ മീഡിയയിൽ പ്രചരിച്ച് AI ചിത്രങ്ങൾ. അടുത്തിടെ മോഹൻലാൽ, ദൃശ്യത്തിലെ തന്റെ കഥാപാത്രമായ ജോർജ്ജുകുട്ടിയുടെ ലുക്കിൽ നിൽക്കുന്ന ചില ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ദൃശ്യം 3 യുടെ സെറ്റിൽ വെച്ച് ചിലർ ആദരിച്ചപ്പോൾ എടുത്ത ചില ചിത്രങ്ങളായിരുന്നു അവയിൽ ചിലത്.
ആ ഫോട്ടോകളിൽ മോഹൻലാൽ ധരിച്ചിരുന്ന ഡിസൈനിലുള്ള ഷർട്ടും മുണ്ടും കൃത്രിമമായി അനുകരിച്ചാണ് AI ചിത്രങ്ങൾ ചിലർ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ഈ ചിത്രങ്ങളിൽ ഒന്നും മോഹൻലാലിൻറെ മുഖം വ്യക്തമായി കാണാൻ സാധിക്കുന്നില്ല. ലൊക്കേഷനിൽ നിൽക്കുന്നൊരാൾ സ്മാർട്ട്ഫോൺ മറച്ചു പിടിച്ച് ചിത്രീകരിച്ചതായി തോന്നിക്കുന്നത് പോലെയാണ് ചിത്രങ്ങളുടെ സ്വഭാവം.

കയ്യിൽ വിലങ്ങ് അണിയിച്ച് ജോർജുകുട്ടിയെ ഒരു ചതുപ്പിനു സമീപത്തായി പോലീസുകാർ നിർത്തിയിരിക്കുന്ന ദൃശ്യമാണ് AI ചിത്രങ്ങളിലുള്ളത്. പ്രസ്തുത ചിത്രങ്ങളോട് ഇതുവരെ ദൃശ്യം 3യുടെ അണിയറപ്രവർത്തകർ പ്രതികരിച്ചിട്ടില്ല. അടുത്തിടെ മഹേഷ് നാരായണന്റെ സംവിധാനത്തിൽ മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവർ ഒന്നിക്കുന്ന ‘പാട്രിയറ്റ്’ എന്ന ചിത്രത്തിന്റേതെന്ന വ്യാജേനയും ഒരു AI ചിത്രം സോഷ്യൽ മീഡിയയിൽ കറങ്ങി നടന്നിരുന്നു എന്നതും ശ്രദ്ധേയമാണ്.
മോഹൻലാലിന് ദാദ സാഹേബ് പുരസ്‌കാരം ലഭിച്ചതിനെ അഭിനന്ദിച്ച് കൊണ്ട് സഹതാരം കുഞ്ചാക്കോ ബോബൻ പങ്കുവെച്ച മോഹൻലാലിനോപ്പമുള്ള ചിത്രത്തിലെ താരത്തിന്റെ ഗെറ്റപ്പ് അതെ പടി അനുകരിച്ചുകൊണ്ട് മറ്റൊന്ന് കൃത്രിമമായി നിർമ്മിക്കുകയായിരുന്നു AI വിരുതന്മാർ.







Be the first to comment