
കേരളത്തിൽ എയിംസ് വരണം എന്നതാണ് ബിജെപി നിലപാടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി . എവിടെ വരണമെന്നതിൽ കൃത്യമായ നിലപാട് പാർട്ടിക്കുണ്ട്. വിഷയം ചർച്ച ചെയ്യാനല്ല ദേശീയ അധ്യക്ഷൻ ജെപി നദ്ദ എത്തുന്നത്. പാർട്ടിയുടെ സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യാനാണ് ജെപി നദ്ദ എത്തുന്നതെന്ന് അനൂപ് ആൻറണി പറഞ്ഞു.
കേരളത്തിൽ എയിംസ് വരണം എന്നതാണ് ബിജെപി നിലപാട്. അതു കൊണ്ടുവരാൻ സാധിക്കുന്നത് ബിജെപിക്ക് മാത്രമാണ്. എയിംസ് എവിടെ വേണമെന്ന് കേന്ദ്രസർക്കാർ തീരുമാനിക്കും. ബിജെപി വിചാരിച്ചാലെ ചില കാര്യങ്ങൾ നടക്കുകയുള്ളൂ. എയിംസ് എവിടെ വരണം എന്നുള്ളത് സംബന്ധിച്ച് കൃത്യമായ നിലപാട് പാർട്ടിക്കുണ്ട്. സംസ്ഥാന സമിതിയിൽ വിവിധ വിഷയങ്ങൾ ചർച്ചയായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കം പ്രധാനമായി ചർച്ച ചെയ്യും. മൈക്രോ ലെവൽ പ്രവർത്തനം നടത്തും. വരും ദിവസങ്ങളിൽ കൂടുതൽ ദേശീയ നേതാക്കൾ കേരളത്തിൽ എത്തും. എൻഎസ്എസ്- എസ്എൻഡിപി നേതാക്കളുമായി നല്ല ബന്ധം തന്നെയാണ് ബിജെപിക്കുള്ളതെന്നും അനൂപ് ആൻറണി കൂട്ടിച്ചേർത്തു.
കോഴിക്കോട് കിനാലൂരിലാണ് സംസ്ഥാന സർക്കാർ എയിംസിനായി സ്ഥലം നിർണയിച്ചിട്ടുള്ളത്. ഇതിന്റെ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് എയിംസിൽ തർക്കം ഉടലെടുത്തത്.ബിജെപി സംസ്ഥാന നേതൃത്വത്തെ അവഗണിച്ച് ആലപ്പുഴയ്ക്കായി കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വാദിച്ച് രംഗത്തെത്തിയിരുന്നു. വിഷയത്തിൽ തനിക്ക് ഒറ്റ നിലപാടാണെന്നാണ് പ്രതികരണം. സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് കെ. സി. വേണുഗോപാൽ എം.പിയും രംഗത്തുവന്നു. ഇതിനിടെ എയിംസിനായി അവകാശവാദമുന്നയിച്ച് കൂടുതൽ ബിജെപി ജില്ലാ നേതൃത്വങ്ങൾ രംഗത്തെത്തി.
Be the first to comment