
തിരുവനന്തപുരം: എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ഒരുശ്രമവും ഉണ്ടായിട്ടില്ലെന്നും ആ നിലപാടില്‍ പരാതിയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തങ്ങളുടെത് രാഷ്ട്രീയ നിലപാടാണെന്നും ആ തീരുമാനം മാറ്റാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കപടഭക്തി കാണിക്കുന്നവരുടെ അയ്യപ്പ സംഗമവുമായി സഹകരിക്കാനില്ലെന്നും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫ് എടുത്തിരിക്കുന്നത് ഉറച്ച മതേതരത്വ തീരുമാനമാണ്. അത് കേരളത്തിലെ ഭൂരിപക്ഷ വര്‍ഗീയതയ്ക്കും ന്യൂനപക്ഷ വര്‍ഗീയതയ്ക്കുമെതിരാണ്. പ്രീണന നയത്തിന് തങ്ങള്‍ ഇല്ല. സിപിഎം പ്രീണനനയവുമായി പോകുകയാണ്. ഇപ്പോള്‍ അവര്‍ ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. നേരത്തെ ന്യൂനപക്ഷ വര്‍ഗീയതയ്‌ക്കൊപ്പമായിരുന്നു. ഇതിനെ രണ്ടിനെയും പ്രോത്സാഹിപ്പിക്കില്ലെന്നും യുഡിഎഫ് ഉറച്ച മതേതരനിലപാടുമായി മുന്നോട്ടുപോകുമെന്നും സതീശന്‍ പറഞ്ഞു.
എന്‍എസ്എസിനോട് അയയാന്‍ ഞങ്ങള്‍ പറഞ്ഞിട്ടില്ല. അവര്‍ സമുദായ സംഘടനയാണ്. അവര്‍ക്ക് അവരുടെ നിലപാട് എടുക്കാം. അതിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. അതില്‍ ഞങ്ങള്‍ പരാതി പറഞ്ഞിട്ടില്ല ആക്ഷേപം ഉന്നയിച്ചിട്ടില്ല. എസ്എന്‍ഡിപി നേരത്തെ നവോത്ഥാന സമിതിയുടെ അധ്യക്ഷ പദവിയായിരുന്നു. ഇപ്പോ മാറ്റിയെന്നേയുള്ളൂ. ആകാശം ഇടിഞ്ഞുവീണാലും ശബരിമല വിധിയില്‍ സുപ്രീം കോടതി വിധിക്കൊപ്പമെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് ശബരിമല നിലപാടില്‍ ഒരുമാറ്റവും വരുത്തിയിട്ടില്ല.
സിപിഎം തീവ്രവലുതപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. എല്ലാ ജാതിക്കാരുടെയും മതത്തിന്റെയും പിറകെ നടക്കുകയാണ്. അയ്യപ്പസംഗമം ഏഴ് നിലയില്‍ പൊളിഞ്ഞുപോയെന്നും യോഗി ആദിത്യനാഥും പിണറായി വിജയനും നല്ല കൂട്ടുകാരായി എന്നതാണ് അതിന്റെ പരിണതഫലമെന്നും അതില്‍ പങ്കെടുക്കാതിരുന്നത് ആശ്വാസമായെന്നും വിഡി സതീശന്‍ പറഞ്ഞു.
Be the first to comment