ഒരു ഭാഗത്ത് കൈയടി, മറുഭാഗത്ത് കൂകി വിളി; യുഎന്നില്‍ നെതന്യാഹു പ്രസംഗത്തിനെതിരെ പ്രതിഷേധം

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസംഗിക്കാനെത്തിയപ്പോള്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പ്രതിനിധികള്‍ ഇറങ്ങിപ്പോയി. ഗാസയിലെ സൈനിക നടപടിയെത്തുടര്‍ന്ന് അന്താരാഷ്ട്ര ഒറ്റപ്പെടലുകള്‍ക്കിടയിലാണ് നെതന്യാഹു യുഎന്‍ പൊതുസഭയില്‍ സംസാരിക്കാനെത്തിയത്. നെതന്യാഹു സംസാരിക്കുമ്പോള്‍ ഒരു ഭാഗത്ത് നിന്ന് അദ്ദേഹത്തിനെതിരായ കൂക്കി വിളികള്‍ ഉയര്‍ന്നപ്പോള്‍ മറ്റൊരു കോണില്‍ ഇസ്രയേല്‍ പ്രതിനിധികളുടെ കൈയടികളുമുയര്‍ന്നു.

പ്രധാന സഖ്യകക്ഷിയായ യുഎസിന്റെ പ്രതിനിധികള്‍ ഹാളില്‍ തന്നെ തുടര്‍ന്നിരുന്നു. യുഎസിന്റെയും യുകെയുടെയും യുഎന്നിലെ അംബാസിഡര്‍മാരടക്കമുള്ള ഉന്നത നയതന്ത്രജ്ഞരുടെ അസാന്നിധ്യവും ശ്രദ്ധേയമായി. പകരം, ജൂനിയറായിട്ടുള്ളവരും താഴ്ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരുമാണ് നെതന്യാഹുവിനെ കേള്‍ക്കാനായി എത്തിയിരുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നെതന്യാഹു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രശംസിക്കുകയും അദ്ദേഹത്തിനെതിരായ വധശ്രമങ്ങളെക്കുറിച്ച് പറയുകയും ചെയ്തപ്പോള്‍ യുഎസ് പ്രതിനിധികള്‍ ആവേശത്തോടെ സ്വീകരിച്ചു. പ്രസംഗത്തില്‍ പലപ്പോഴായി അദ്ദേഹം ട്രംപിനെ പ്രശംസിച്ചു. തനിക്കും ഇസ്രയേലിനുമെതിരായ നീക്കങ്ങള്‍ക്കെതിരെ നെതന്യാഹു രൂക്ഷമായി ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

ലോക നേതാക്കള്‍ പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിക്കുന്ന മാധ്യമങ്ങള്‍ക്കും തീവ്ര ഇസ്ലാമിക പക്ഷക്കാര്‍ക്കും വഴങ്ങുകയാണെന്ന് നെതന്യാഹു ആരോപിച്ചു. ഫ്രാന്‍സും യുകെയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനത്തോടും നെതന്യാഹു പ്രതികരിച്ചു. ഇത് തികച്ചും ഭ്രാന്താണെന്നും ഇസ്രയേലിന് അത് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പാശ്ചാത്യ നേതാക്കള്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയിരിക്കാം, ഞാന്‍ ഒരുകാര്യം ഉറപ്പുനല്‍കുന്നു, ഇസ്രായേല്‍ വഴങ്ങില്ല. നിങ്ങളുടെ അപമാനകരമായ തീരുമാനം ജൂതന്മാര്‍ക്കും ലോകമെമ്പാടുമുള്ള നിരപരാധികള്‍ക്കും എതിരായ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കും ‘നെതന്യാഹു പറഞ്ഞു. നെതന്യാഹു സംസാരിക്കുമ്പോള്‍ തന്നെ യുഎന്‍ ആസ്ഥാനത്തിന് പുറത്ത് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങളും നടക്കുന്നുണ്ടായിരുന്നു. ‘ഗാസയിലെ തടവറകളില്‍ കഴിയുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ബന്ദികളുടെ കുടുംബങ്ങളെ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് നെതന്യാഹു പ്രസംഗം ആരംഭിച്ചത്.

ഇറാന്റെ ഭീകരവാദ അച്ചുതണ്ട് എന്ന് വിശേഷിപ്പിച്ച ഒരു ഭൂപടം നെതന്യാഹു ഉയര്‍ത്തിക്കാട്ടി. ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്റുള്ള, മുതിര്‍ന്ന ഹമാസ് നേതാക്കള്‍, ഹൂതി നേതാക്കള്‍, ഇറാനിയന്‍ ശാസ്ത്രജ്ഞര്‍ എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചും സംസാരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*