ബിന്ദുവിനെ കൊന്നത് കഴുത്തില്‍ ഷാള്‍ മുറുക്കി, മൃതദേഹം അഴുകാന്‍ കാത്തിരുന്നത് മാസങ്ങള്‍, പിന്നീട് കുഴി തുറന്ന് അസ്ഥിയെടുത്തു; ഒടുവില്‍ തുറന്ന് പറഞ്ഞ് സെബാസ്റ്റ്യന്‍

ചേര്‍ത്തലയിലെ ബിന്ദു പദ്മനാഭനെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കിയെന്ന് തുറന്ന് സമ്മതിച്ച് പ്രതി സെബാസ്റ്റ്യന്‍. സ്ഥലം വില്‍പ്പനയിലെ ഒന്നര ലക്ഷം രൂപ നല്‍കാന്‍ വിസമ്മതിച്ചതിനാണ് ബിന്ദുവിനെ കൊന്നതെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു. കത്തിച്ച അസ്ഥിക്കഷ്ണങ്ങള്‍ വേമ്പനാട്ട് കായലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും സെബാസ്റ്റ്യന്‍ പൊലീസിനോട് പറഞ്ഞു. സെബാസ്റ്റ്യന്റെ കൂട്ടാളിയായിരുന്ന മനോജിനും കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന സൂചനയും ഇയാളുടെ മൊഴിയിലുണ്ട്. എന്നാല്‍ മനോജിന്റെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. 

ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് സെബാസ്റ്റിയന്‍ ഇക്കാര്യങ്ങളെല്ലാം സമ്മതിച്ചിരിക്കുന്നത്. സെബാസ്റ്റിയന്‍ സീരിയല്‍ കില്ലറെന്ന് മുന്‍പ് തന്നെ ക്രൈംബ്രാഞ്ചിന് സംശയം ഉണ്ടായിരുന്നെങ്കിലും സെബാസ്റ്റ്യന്‍ ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്നത് അന്വേഷണസംഘത്തെ വല്ലാതെ കുഴക്കിയിരുന്നു.

പോലീസ് പറയുന്നത്

2006 മെയ് മാസത്തിലാണ് ചേര്‍ത്തല സ്വദേശിയായ സതീശന്‍ ബിന്ദുവിന്റെ പേരിലുള്ള വസ്തു വാങ്ങാനായി ബിന്ദുവിനെ സമീപിക്കുന്നത്. ആ കച്ചവടത്തിന്റെ ഇടനിലക്കാരനായിരുന്നു സെബാസ്റ്റ്യന്‍. സതീശന്‍ ബിന്ദുവിന് കൈമാറിയ തുകയില്‍ നിന്ന് ഒന്നര ലക്ഷം രൂപ തനിക്ക് വേണമെന്ന് സെബാസ്റ്റ്യന്‍ ബിന്ദുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അത് തരാനാകില്ലെന്ന് ബിന്ദു സെബാസ്റ്റ്യനോട് തീര്‍ത്തുപറഞ്ഞു. ഈ തുകയെക്കുറിച്ച് പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു.

2006 മെയ് 7ന് സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വച്ച് സ്ഥലത്തിന്റെ കരാര്‍ രേഖകള്‍ ഒപ്പിട്ടിട്ടും ബിന്ദു പണം നല്‍കാന്‍ വിസമ്മതിച്ചു. ഇതില്‍ പ്രകോപിതനായ സെബാസ്റ്റ്യന്‍ ഷാള്‍ ബിന്ദുവിന്റെ കഴുത്തില്‍ കുരുക്കി കൊലനടത്തി. വീട്ടുവളപ്പില്‍ തന്നെ മൃതദേഹം കുഴിച്ചിടുകയും ചെയ്തു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം മൃതദേഹം അഴുകിയെന്ന് തോന്നിയപ്പോള്‍ കുഴി വീണ്ടും തുറന്ന് അസ്ഥിക്കഷ്ണങ്ങള്‍ പുറത്തെടുത്തു. ഇത് കത്തിച്ച് ചാരമാക്കി. പൂര്‍ണമായി കത്താത്ത അസ്ഥിയുടെ അവശിഷ്ടങ്ങള്‍ വേമ്പനാട്ട് കായലില്‍ തള്ളി. ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കിട്ടാനാകാത്ത വിധം എല്ലാം നശിച്ചുപോയെന്നും സെബാസ്റ്റിയന്‍ പോലീസിന് മൊഴി നല്‍കി.

Be the first to comment

Leave a Reply

Your email address will not be published.


*