സ്ത്രീകൾ കേരളത്തിൽ എവിടെ വെച്ചും ആക്രമിക്കപ്പെടാം,ദുർഭരണത്തിന്റെ ഏറ്റവും വലിയ ഇരകൾ സ്ത്രീകളും കുട്ടികളും:സതീശൻ

സംസ്ഥാന ദുര്‍ഭരണത്തിന്റെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം കൂടുന്നുവെന്നും വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. സ്ത്രീകള്‍ കേരളത്തില്‍ എവിടെവെച്ചും ആക്രമിക്കപ്പെടാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ലഹരിയുടെ തലസ്ഥാനമായി കേരളം മാറി. ലഹരി മാഫിയക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം കൊടുക്കുന്നത് സിപിഐഎമ്മാണ്. ഏറ്റവുമധികം ലഹരി രാജ്യത്ത് വില്‍ക്കുന്നതില്‍ ഒരു സംസ്ഥാനമാണ് കേരളം. വിലക്കയറ്റം വന്നപ്പോള്‍ വെറുതെ നോക്കിനിന്നവരാണ് പിണറായി സര്‍ക്കാര്‍. സപ്ലൈകോയെ തകര്‍ത്തു തരിപ്പണമാക്കി. നൂലും സൂചിയും പഞ്ഞിയും വാങ്ങിക്കൊണ്ട് മാത്രമേ ആശുപത്രിയില്‍ പോകാന്‍ കഴിയൂ’, വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ഖജനാവില്‍ പൂച്ച പെറ്റുകിടക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിന്റെ നികുതി പിരിവ് സംവിധാനം താറുമാറായി. 2026ല്‍ കനത്ത തോല്‍വിയുണ്ടാകും എന്ന വിഭ്രാന്തിയിലാണ് സിപിഐഎം. 2026ല്‍ യുഡിഎഫ് നൂറിലധികം സീറ്റ് നേടി വിജയിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെതിരെ(എസ്ഐആര്‍) ഒറ്റക്കെട്ടായി കേരള നിയമസഭ പ്രമേയം പാസാക്കി. ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. വി ഡി സതീശന്‍ പിന്തുണച്ചു. ലീഗ് എംഎല്‍എമാരായ യു ലത്തീഫ്, എന്‍ ഷംസുദ്ദീന്‍ എന്നിവര്‍ പ്രമേയത്തിന്മേല്‍ ഭേദഗതികള്‍ അവതരിപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*