‘സാമ്പത്തിക പ്രതിസന്ധിയെന്ന് പറഞ്ഞ് ആദ്യമായി ഒരു സര്‍ക്കാര്‍ SC,ST ആനുകൂല്യങ്ങള്‍ക്ക് മേല്‍ കൈവച്ചു, ആ ഖ്യാതി ഈ സര്‍ക്കാരിന് സ്വന്തം’; സഭയില്‍ മാത്യു കുഴല്‍നാടന്‍

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച. സംസ്ഥാനത്ത് ഗുരതര സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുവെന്നും വലയുന്നത് സാധാരണ ജനങ്ങളാണെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സഭയില്‍ പറഞ്ഞു. കേവലം പത്ത് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ കടം മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചു എന്നാല്‍ കേരളത്തില്‍ വികസനമൊന്നും നടക്കുന്നില്ലെന്ന് കേന്ദ്ര റിപ്പോര്‍ട്ടിലുണ്ടെന്നും മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. പദ്ധതി നിര്‍വഹണത്തില്‍ സര്‍ക്കാര്‍ പരാജയമാണ്. ശമ്പളവും പെന്‍ഷനും ക്ഷേമപെന്‍ഷനും ഗ്രാന്റുകളും മുടങ്ങുകയാണെങ്കിലും സര്‍ക്കാരിന്റെ ധൂര്‍ത്തിന് കുറവില്ലെന്നും മാത്യു കുഴല്‍നാടന്‍ സഭയില്‍ കുറ്റപ്പെടുത്തി.

ഇന്ന് ഹൃദയദിനമാണെന്നും ഇനിയെങ്കിലും ഹൃദയമുള്ള സര്‍ക്കാരായി മാറണമെന്നും സര്‍ക്കാരിനെ ഉപദേശിച്ചുകൊണ്ടാണ് മാത്യു കുഴല്‍നാടന്‍ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. നികുതി പിരിവില്‍ സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും സ്വര്‍ണവില കൂട്ടിയിട്ടും നികുതി പിരിവ് കൂട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ജിഎസ്ടി വളര്‍ച്ചയില്‍ 2.52 ശതമാനം കുറവുണ്ടായി. 2023-24ല്‍ വളര്‍ച്ച 6.59 ആയിരുന്നത് 2024-25ല്‍ 4.07 ആയി കുറഞ്ഞെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ടേക്ക് ഓഫ് നടത്തി എന്ന് അദ്ദേഹം പറഞ്ഞാല്‍ അത് അഹമ്മദാബാദിലെ എയര്‍ ഇന്ത്യ ടേക്ക് ഓഫ് പോലെ ആയെന്നേ പറയാനുള്ളൂവെന്ന് മാത്യു കുഴല്‍നാടന്‍ പരിഹസിച്ചു.

തങ്ങള്‍ ഭരിച്ച ഇക്കാലയളവില്‍ ഏത് വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെ ജീവിതമാണ് മെച്ചപ്പെട്ടതെന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കാര്‍ഷിക മേഖലയില്‍ എല്ലാവര്‍ക്കും നിരാശയാണ്. 14 അഗ്രോ പാര്‍ക്കുകള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞിടത്ത് ഒരെണ്ണം പോലുമില്ലാത്ത അവസ്ഥയാണ്. ക്ഷേമനിധി ബോര്‍ഡുകള്‍ക്കുള്ള പണം പോലും കൊടുക്കുന്നില്ല. ഇതിന് സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ വിമര്‍ശനം കേട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡിഎ കുടിശ്ശികയുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് മാത്രം ഒരു ലക്ഷം കോടി രൂപയോളം കുടിശ്ശികയുണ്ട്. ഗസ്റ്റ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനോ പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്റ് നല്‍കാനോ സര്‍ക്കാരിനാകുന്നില്ല.

പട്ടികജാതി, പട്ടികവര്‍ഗ ആനുകൂല്യങ്ങള്‍ക്ക് മേല്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് കൈവച്ച ആദ്യ സര്‍ക്കാരെന്ന ഖ്യാതി ഇവര്‍ക്ക് നേടാനായെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇ- ഗ്രാന്റുകള്‍ പോലും മുടങ്ങുകയാണ്. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച എസ് സി എസ് ടി വിഭാഗത്തിലെ കുട്ടികള്‍ക്ക് നല്‍കുന്ന അരപ്പവന്‍ സ്വര്‍ണം കൊടുക്കാതായി. കടമ്മനിട്ട ഇത് കണ്ടിരുന്നെങ്കില്‍ ‘നിങ്ങളവരുടെ ഇറ്റ് സ്വര്‍ണം കവര്‍ന്നെടുക്കുന്നോ’ എന്ന് പാടിയേനെ. ഉന്നത വിജയം നേടിയ 20000 വിദ്യാര്‍ത്ഥികളുടെ 10000 പവന്‍ സ്വര്‍ണമാണ് സര്‍ക്കാര്‍ തട്ടിയെടുത്തിരിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ കുറ്റപ്പെടുത്തി.

തദ്ദേശ ഭരണവകുപ്പിന് കൊടുക്കാനുള്ള പണം കടലാസില്‍ മാത്രം കാണിച്ചുകൊടുക്കുകയാണ് സര്‍ക്കാരെന്നാണ് പ്രമേയത്തിലെ മറ്റൊരു ആക്ഷേപം. വിശന്നിരിക്കുന്നവന്റെ കൈ രണ്ടും കെട്ടിയിട്ട് മുന്നില്‍ ബിരിയാണി വച്ചുകൊടുക്കുകയാണ്. വെള്ളമില്ലാത്തിടത്ത് മുങ്ങാനാണ് അവരോട് സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ മാത്രമല്ല ഉപകരണങ്ങളുടെ സപ്ലൈ പോലും മുടങ്ങുന്നു. ജനങ്ങളുടെ ജീവന്‍ പോലും അപകടത്തിലാക്കുകയാണ് ഇവരെന്നും മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*