2026ൽ കനത്ത തോൽവി ഉണ്ടാകുമെന്ന വിഭ്രാന്തിയാണ് സർക്കാരിന്, കേരളത്തിൽ ഒരുകാലത്തും ഇല്ലാത്ത രൂക്ഷമായ വിലക്കയറ്റം: വി ഡി സതീശൻ

ജീവനക്കാർക്കും പെൻഷൻ കാർക്കുമായി ഒരു ലക്ഷം കോടി രൂപയാണ് സർക്കാർ നൽകാൻ ഉള്ളതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിയമസഭയിൽ.സർക്കാർ വിലാസം സംഘടനകൾ ഇവിടെ കൈകൊട്ടി കളിയാണ്. സപ്ലൈകോയിലും മെഡിക്കൽ സർവീസ് കോർപ്പറേഷനിലും കുടിശിക നൽകാത്തതിനാൽ മരുന്നും ഭക്ഷ്യധാന്യങ്ങളും ലഭിക്കുന്നില്ല. നികുതി കുറഞ്ഞാൽ ആളുകളുടെ കയ്യിൽ പണം ഉണ്ടാകും. എന്നാൽ ആ പണം ചെലവാക്കി നികുതി വരുമാനം വർദ്ധിപ്പിക്കാൻ എന്താണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

രൂക്ഷമായ ധന പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. വാർഷിക പദ്ധതി ആറുമാസം പിന്നിട്ടിട്ടും 21 ശതമാനം മാത്രം. ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങുന്ന അവസ്ഥ. ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണക്കാർക്ക് പണം നൽകിയില്ല. സെപ്റ്റംബർ മുതൽ ശസ്ത്രക്രിയ മുടങ്ങുന്ന സ്ഥിതിയാണ്.

കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡ് പെൻഷൻ കുടിശ്ശിക നൽകാനുണ്ട്. കുടിശ്ശിക തീർക്കാതെ പാർട്ടിക്കാർക്ക് പിൻവാതിൽ നിയമനം നൽകാനാണ് ഇപ്പോൾ നീക്കം. ജിഎസ്ടി വകുപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ട്. വരും ദിവസങ്ങളിൽ ആക്കാര്യങ്ങൾ പറയാം. അടിയന്തര പ്രമേയ ചർച്ച ആയതിനാൽ ഞാൻ ഇപ്പോൾ ഉന്നയിക്കുന്നില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

സ്വർണ്ണത്തിൻറെ വില 16 മടങ്ങ് വർദ്ധിച്ചു. അങ്ങനെയെങ്കിൽ അതിനുമേലുള്ള നികുതിയും 16 മടങ്ങ് കൂടണമായിരുന്നു. പക്ഷേ ഉണ്ടായില്ല. 10000 കോടി രൂപയുടെ എങ്കിലും അധിക നികുതി സ്വർണത്തിൽ കിട്ടുമായിരുന്നു. നികുതി പിരിക്കുന്നതിന് ഒരു ശാസ്ത്രീയ സമീപനവും സർക്കാരിനില്ല. ധന വിനിയോഗത്തിൽ ദയനീയമായി പരാജയപ്പെട്ടു. ചർച്ചവെച്ചതിനെ അഭിനന്ദിക്കുന്നു. സർക്കാർ പ്രാധാന്യമായി ചർച്ച ചെയ്യേണ്ട വിഷയം ഇതുതന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മഹിള കോൺഗ്രസ് തയ്യാറാക്കിയ വ്യത്യസ്തമായ കുറ്റപത്രം വി ഡി സതീശൻ പ്രകാശനം ചെയ്‌തു. 2026 ൽ കനത്ത തോൽവി ഉണ്ടാകുമെന്ന വിഭ്രാന്തിയാണ് സർക്കാരിന്. കേരളത്തിലെ സ്ത്രീകളുടെ പ്രതിഷേധത്തിന്റെ പ്രതിഫലനമാണത്. കേരളത്തിൽ ഒരുകാലത്തും ഇല്ലാത്ത രൂക്ഷമായ വിലക്കയറ്റം. ലഹരിയുടെ തലസ്ഥാനമായി കേരളം മാറിയെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*