
ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അനാരോഗ്യകരമായ ജീവിതശൈലിയും മോശം ഭക്ഷണശീലങ്ങളും ഹൃദയാരോഗ്യം ഇല്ലാതാക്കിയേക്കാം. ഗുരുതരമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ മാത്രമാണ് ഹൃദയം പണിമുടക്കാൻ തുടങ്ങിയ വിവരം പലരും അറിയുന്നത്. ഇന്നത്തെ കാലത്ത് ധമനികളിൽ പ്ലാക്ക് അടിഞ്ഞു കൂടി ആതെറോസ്ക്ലെറോസിസ് എന്ന അവസ്ഥ നേരിടുന്ന നിരവധി പേരുണ്ട് നമുക്കിടയിൽ. ഹൃദയാഘാതം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവയ്ക്കുള്ള സാധ്യത വർധിപ്പിക്കാൻ ഇത് കാരണമാകുന്നു. എന്നാൽ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ ധമനികളുടെ സംരക്ഷണത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ധമനികൾക്കുണ്ടാകുന്ന കേടുപാടുകൾ തുടക്കത്തിലെ ഇല്ലാതാക്കാൻ ഇത് വളരെയധികം സഹായിക്കും. അത്തരത്തിൽ ധമനികൾ ശുദ്ധീകരിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്ന 5 ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഓട്സ്
ഓട്സിൽ ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ഇത് വളരെയധികം സഹായിക്കും. കാലക്രമേണ ധമനികളിൽ പ്ലാക്ക് അടിഞ്ഞു കൂടുന്നത് കുറയ്ക്കാനും ഒട്സ് ഫലം ചെയ്യും. ദഹനാരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പതിവായി ഓട്സ് കഴിക്കുന്നത് നല്ലതാണ്. മികച്ച ഫലങ്ങൾക്കായി ഹോൾ റോൾഡ് ഓട്സോ സ്റ്റീൽ കട്ട് ഓട്സോ തെരഞ്ഞെടുക്കുക.
മുരിങ്ങയില
ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ബയോആക്ടീവ് സംയുക്തങ്ങൾ എന്നിവയാൽ സമൃദ്ധമാണ് മുരിങ്ങയില. ഇവയെല്ലാം രക്തക്കുഴലുകളുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നവയാണ്. ഇതിലെ ക്വെർസെറ്റിൻ എന്ന ശക്തമായ ആന്റി ഓക്സിഡന്റുകൾ വീക്കം കുറയ്ക്കാനും രക്തക്കുഴലുകളുടെ വഴക്കം വർധിപ്പിച്ച് രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ വർധിപ്പിക്കാനും മുരിങ്ങ ഗുണം ചെയ്യും. ദിവസേന ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഓക്സിഡേറ്റീവ് സമ്മർദ്ദം തടയാനും കൊളസ്ട്രോൾ അളവ് ആരോഗ്യകരമായി നിലനിർത്താനും സാധിക്കും. ഇതിലൂടെ ധമനികൾ ശുദ്ധീകരിക്കാൻ സഹായിക്കും.
വാൾനട്സ്
ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡിന്റെ സമ്പന്ന സസ്യ സ്രോതസാണ് വാൾനട്ട്. പതിവായി ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോൾ, രക്തസമ്മർദ്ദം, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കും. കലോറി ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കുറഞ്ഞ അളവിൽ മാത്രമേ വാൾനട്സ് കഴിക്കാവൂ. മികച്ച ഫലങ്ങൾക്കായി വാൾനട്സ് കുതിർത്തതിന് ശേഷം കഴിക്കുന്നതാണ് ഉത്തമം.
ഉലുവ
ഉലുവയിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങൾ കൊളസ്ട്രോൾ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. പതിവായി ഉലുവ കഴിക്കുന്ന ആളുകളിൽ രക്തത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ പോലുള്ള കൊഴുപ്പുകളുടെ അളവ് മെച്ചപ്പെട്ട നിലയിൽ കണ്ടെത്താൻ സാധിച്ചതായി വിദഗ്ധർ പറയുന്നു. ഇത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ ഫലം ചെയ്യും.
കറിവേപ്പില
ഹൃയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. ആന്റി ഓക്സിഡന്റുകളും നാരുകളും കൊണ്ട് സമൃദ്ധമാണിത്. കൊളസ്ട്രോൾ ഓക്സീകരണം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള കാംഫെറോൾ രക്തധമനികളിൽ അടിഞ്ഞുകൂടിയിട്ടുള്ള പ്ലാക്ക് നീക്കം ചെയ്യാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഫലപ്രദമാണ്.
Be the first to comment