എൻഎസ്എസുമായി അനുനയനീക്കം ശക്തമാക്കി കോൺഗ്രസ്; ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

എൻഎസ്എസിനെ അനുനയിപ്പിക്കാനുള്ള നീക്കം ശക്തമാക്കി കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി.രാഷ്ട്രീയ നിലപാടും ചർച്ചയായി. ഇന്നലെ വൈകീട്ട് നടന്ന കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. പിജെ കുര്യനും,കൊടിക്കുന്നിൽ സുരേഷും നേരത്തെ സുകുമാരൻ നായരെ സന്ദർശിച്ചിരുന്നു.

കോൺഗ്രസിനും ബിജെപിക്കുമെതിരെ ജി സുകുമാരൻ നായർ അതി രൂക്ഷ വിമർശനം ഉയര്‍ത്തിയിരുന്നു.വിശ്വാസപ്രശ്നത്തിൽ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല. ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല .ബിജെപിയാകട്ടെ ഒന്നും ചെയ്യുന്നില്ല. കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി ഒന്നും ചെയ്തില്ല. നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാം അത് ചെയ്തില്ലല്ലോ എന്ന് സുകുമാരന്‍ നായര്‍ ചോദിച്ചിരുന്നു. അയ്യപ്പ സംഗമത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സുകുമാരന്‍ നായര്‍ പ്രതിനിധിയെ അയച്ചിരുന്നു.

എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ വിമർശനം കോൺഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്തിരിക്കുന്ന തങ്ങളെ എന്തിന് വിമർശിക്കണം എന്നാണ് കോൺഗ്രസ് നേതാക്കളുടെ ചോദ്യം. അയ്യപ്പ സംഗമം അടക്കം ഒരു വിഷയത്തിലും കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ലെന്നും നേതാക്കൾ വിശദീകരിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*