‘മാനിഷാദ’: ഗാന്ധി ജയന്തി ദിനത്തിൽ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഗാന്ധി ജയന്തി ദിനത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനാണ് കെപിസിസി തീരുമാനം. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളാണ് പരിപാടികള്‍ സംഘടിപ്പിക്കുക. ‘മാനിഷാദ’ എന്ന പേരിലാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസുകള്‍ നടക്കുക. പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ മൗനം പാലിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്റ് പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി അടുത്തിടെ രംഗത്തെത്തിയിരുന്നു. പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ മൗനം പാലിക്കുന്നത് മനുഷ്യത്വത്തിന്റെയും ധാര്‍മികതയുടെയും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന് തുല്യമാണ് എന്നാണ് സോണിയാ ഗാന്ധി പറഞ്ഞത്.

പലസ്തീന്‍ ആക്രമണത്തില്‍ ഇസ്രയേലിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. അറുപതിനായിരത്തിലധികംപേര്‍ കൊല്ലപ്പെട്ടു, അതില്‍ 18,430 പേര്‍ കുട്ടികളും സ്ത്രീകളുമടങ്ങുന്നവരാണ്. കുട്ടികളെ പട്ടിണിക്കിട്ട് കൊല്ലുകയാണ്. നിശബ്ദതയിലൂടെയും നിഷ്‌ക്രിയത്വത്തിലൂടെയും ഈ കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കുന്നത് തന്നെ ഒരു കുറ്റകൃത്യമാണ് എന്നായിരുന്നു പ്രിയങ്കാ ഗാന്ധി പറഞ്ഞത്. പലസ്തീന്‍ ജനതയ്ക്കുമേല്‍ ഇസ്രയേല്‍ വിനാശം അഴിച്ചുവിടുമ്പോള്‍ ഇന്ത്യ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്നും പ്രിയങ്ക പ്രതികരിച്ചിരുന്നു.

ഇസ്രയേലിന്റേത് ചോര മരവിപ്പിക്കുന്ന കൊടുംക്രൂരതയാണെന്നും പ്രിയങ്ക നേരത്തെ പറഞ്ഞിരുന്നു. ‘മനുഷ്യത്വം അവര്‍ക്ക് ഒന്നുമല്ല. സത്യത്തെ അഭിമുഖീകരിക്കാനുളള കഴിവില്ലായ്മയാണ് തെളിയിക്കുന്നത്. സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത ബുദ്ധിമുട്ടുകളാണ് പലസ്തീനികള്‍ അനുഭവിക്കുന്നത്. എന്നിട്ടും അവരുടെ മനസ് അചഞ്ചലമായി നില്‍ക്കുന്നു’ എന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*