‘പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത് അനുവദിക്കില്ല’; ആവര്‍ത്തിച്ച് ബെഞ്ചമിന്‍ നെതന്യാഹു

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത് അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീന്‍ രാഷ്ട്രനിര്‍മ്മിതിയെ ശക്തി ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ 20 നിര്‍ദേശങ്ങളടങ്ങിയ സമാധാന കരാര്‍ അമേരിക്ക മുന്നോട്ടുവച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.

വ്യവസ്ഥകള്‍ പാലിച്ചാല്‍ പലസ്തീന്‍ സ്വയം നിര്‍ണയത്തിലേക്കും സ്വതന്ത്ര രാഷ്ട്രത്തിലേക്കുമുള്ള സാധ്യതകള്‍ തുറക്കുമെന്ന് ട്രംപിന്റെ 20 നിര്‍ദ്ദേശങ്ങളിലുണ്ട്. ഇസ്രയേല്‍ ഗസ്സ ഒരു കാരണവശാലും പിടിച്ചടക്കില്ലെന്നും ഗസ്സയുടെ ഏതെങ്കിലും ഭാഗങ്ങള്‍ കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇസ്രയേല്‍ സൈന്യം അത് ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്‌സിന് കൈമാറുമെന്നും ട്രംപിന്റെ പ്ലാനിലുണ്ട്. എന്നാല്‍ തന്റെ ടെലഗ്രാം ചാനലില്‍ നെതന്യാഹു ഇത് നിരാകരിക്കുന്നു.

അതേസമയം, ട്രംപിന്റെ 20 നിര്‍ദ്ദേശങ്ങളില്‍ ഹമാസിന്റെ പ്രതികരണം നാളെയുണ്ടാകും. പ്രതികരണം ഖത്തറിനേയും ഈജിപ്തിനെയും അറിയിക്കും.
അമേരിക്ക മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ഹമാസ് അംഗീകരിച്ചേക്കുമെന്നാണ് സൂചന. പദ്ധതിക്ക് പിന്തുണയറിയിച്ച് ജോര്‍ദാന്‍, യു എ ഇ, ഇന്തോനേഷ്യ, തുര്‍ക്കി, സൗദി അറേബ്യ, ഖത്തര്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തി.

ഡോണള്‍ഡ് ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കരാറുമായി ബന്ധപ്പെട്ട ട്രംപിന്റെ പ്രഖ്യാപനം. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ കരാറിനെ പിന്തുണയ്ക്കുന്നുവെന്ന് ബെഞ്ചമിന്‍ നെതന്യാഹുവും പറഞ്ഞിരുന്നു. വൈറ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് 20 നിര്‍ദേശങ്ങളടങ്ങിയ കരാര്‍ അമേരിക്ക മുന്നോട്ടുവച്ചത്. 72 മണിക്കൂറിനകം ഹമാസ് ബന്ദികളെ വിട്ടയക്കണം, ഹമാസ് ബന്ധികളെ വിട്ടയച്ചാല്‍ ജയിലിലുള്ള 250 പലസ്തീനികളെ ഇസ്രയേലും മോചിപ്പിക്കും എന്നുള്‍പ്പെടെയാണ് കരാറിലെ നിര്‍ദേശങ്ങള്‍. സമാധാന കരാര്‍ ഹമാസ് അംഗീകരിച്ചില്ലെങ്കില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് ഇഷ്ടം പോലെ പ്രവര്‍ത്തിക്കാമെന്ന് ട്രംപ് പറഞ്ഞു. ഗസ്സയുടെ പുനര്‍നിര്‍മാണത്തിന് തന്റെ അധ്യക്ഷതയില്‍ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കുമെന്നും മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ അതില്‍ അംഗമാകുമെന്നും മറ്റ് അംഗങ്ങളുടെ പേരുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*