ലണ്ടൻ : യുകെയിലും നെല്ല് വിളയുന്ന മണ്ണുണ്ടെന്ന് തെളിയിച്ചു ബ്രിട്ടിഷ് വനിതയും സംഘവും. യുകെയിലെ കേംബ്രിജ് ഷെയറിന് സമീപമുള്ള ഈലി ഗ്രാമത്തിലാണ് നദീൻ മിറ്റ്ഷുനാസിന്റെ നേതൃത്വത്തിൽ യുകെയിലെ ആദ്യത്തെ നെൽകൃഷി പരീക്ഷണം നടത്തുന്നത്. യുകെയിലെ റെക്കോർഡ് ചൂടുള്ള വേനലിനുശേഷം ജപ്പാൻ, കൊളംബിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഒൻപത് നെല്ലിനങ്ങളാണ് ഈലിയിലെ നെൽപ്പാടങ്ങളിൽ തഴച്ചുവളരുന്നത്.

പരിസ്ഥിതി ശാസ്ത്രജ്ഞയായ നദീൻ ഒരു പരീക്ഷണം എന്ന നിലയിൽ തുടങ്ങിയ കൃഷി ഇപ്പോൾ വിളവെടുപ്പിന് തയ്യാറാകുകയാണ്. യുകെയിലെ കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് വളരാൻ കഴിയുന്ന പുതിയ വിളകൾ പരീക്ഷിക്കുന്ന നദീൻ മിറ്റ്ഷുനാസിന്റെ നെല്ല് കൃഷി വിജയിച്ചാൽ യുകെയിൽ ഭാവിയിൽ നെല്ലും പ്രധാന കൃഷിയായി മാറിയേക്കും. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നെൽകൃഷി പരീക്ഷണം വിജയിക്കുന്നതിന് സർക്കാരിന്റെ പിന്തുണയുണ്ടെന്നും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുവാൻ കഴിഞ്ഞാൽ യുകെയിൽ സുരക്ഷിതമായ ഭക്ഷ്യ വിതരണത്തിന് നെൽകൃഷി സഹായിക്കുമെന്നും നദീൻ മിറ്റ്ഷുനാസി പറയുന്നു.
യുകെയിൽ ഗോതമ്പ് കൃഷി വ്യാപകമാണെങ്കിലും നെൽകൃഷി പലരും പരീക്ഷണം നടത്തി പരാജയപ്പെട്ട കൃഷിയാണ്. ഏകദേശം ആറു മാസത്തോളം നെൽകൃഷി വിളവെടുപ്പിന് സമയവും അനുകൂലമായ കാലാവസ്ഥയും വേണമെന്നതാണ് പലപ്പോഴും പരാജയത്തിന് കാരണമായി മാറിയത്. അത്രയും തണുപ്പില്ലാത്ത കാലാവസ്ഥ യുകെയിൽ ലഭിക്കാതിരുന്നതാണ് നെൽകൃഷിക്ക് പ്രധാന തടസ്സമായി മുന്നിൽ നിന്നത്. എന്നാൽ ഇക്കൊല്ലത്തെ റെക്കോർഡ് ചൂട് ദിവസങ്ങൾ കൊണ്ട് നെല്ലിനെ വിളയിപ്പിച്ചെടുക്കാൻ കഴിയും എന്നാണ് നദീൻ മിറ്റ്ഷുനാസിയും സംഘവും കരുതുന്നത്.

ഇങ്ങനെയൊരു സ്ഥലത്തു നെൽ വളരും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് കൃഷി ഭൂമിയുടെ ഉടമസ്ഥയായ സാറ ടെയ്ലറും ഭർത്താവും പറഞ്ഞു. യുകെ സെന്റർ ഫോർ എക്കോളജി ആൻഡ് ഹൈഡ്രോളജിയുമായുള്ള കരാറിലാണ് ഈലി ഗ്രാമത്തിലെ നെൽ കൃഷി സംരംഭം.



Be the first to comment