ലോകത്തെങ്ങും ഐഫോണിന് ആരാധകർ ഏറെയാണ്. എപ്പോൾ ഐഫോൺ ലോഞ്ച് ചെയ്താലും അവ ബുക്ക് ചെയ്യാനും വാങ്ങാനും ഉപയോക്താക്കൾ മത്സരമാണ്. ഇന്ത്യയിലും ഇതിന് മാറ്റമില്ല. ഐഫോൺ ക്രേസ് നമുക്ക് ഊഹിക്കാവുന്നതിലും അധികമാണ്. മുംബൈയിലെയും ഡൽഹിയിലെയും ആപ്പിൾ സ്റ്റോറുകളിൽ നീണ്ട തിരക്ക് നമ്മൾ കാണാറുള്ളതാണ്. ഏറ്റവും ഒടുവിൽ ഐഫോൺ 17 സീരീസ് പുറത്തിറക്കിയപ്പോൾ ആപ്പിൾ സ്റ്റോറുകൾ മുന്നിൽ സംഘർഷമുണ്ടായതും വാർത്തയായിരുന്നു.
ആപ്പിളിന്റെ ഈ വളർച്ച പതിയെപ്പതിയെ ഉണ്ടായതാണ്. നല്ല പ്രൊഡക്ടുകൾ മാർക്കറ്റിൽ ഇറങ്ങിയാൽ അവ വാങ്ങാൻ ആളുണ്ടാകും എന്നതാണ് ആപ്പിളിന്റെ സക്സസ് സ്റ്റോറി എന്ന് വിലയിരുത്തലുകളുണ്ട്. ഇതിനിടെ ആപ്പിളിന്റെ ഇന്ത്യൻ സ്മാർട്ട്ഫോൺ മാർക്കറ്റിനെ സംബന്ധിച്ച് ഒരു കണക്ക് പുറത്തുവന്നിരിക്കുകയാണ്.
ഇന്ത്യൻ സ്മാർട്ട്ഫോൺ മാർക്കറ്റിലെ ഐഫോണിന്റെ പങ്ക് 8 മുതൽ 10 ശതമാനത്തോളമാണ് എന്നാണ് കണക്കുകൾ. ഐഫോണിന്റെ മാർക്കറ്റും വില്പനചരിത്രവും പഠനവിധേയമാക്കുകയാണെങ്കിൽ ഇത് വലിയ വളർച്ചയാണ്.
2019ൽ വെറും 1 ശതമാനമായിരുന്നു ആപ്പിളിന്റെ ഇന്ത്യയിലെ മാർക്കറ്റ്. മൂന്ന് വർഷത്തിൽ, അതായത് 2022ൽ അവ ഒറ്റയടിക്ക് 4.6 ശതമാനമായി ഉയർന്നു. സൈബർ മീഡിയ റിസർച്ചിന്റെ കണക്കുകൾ അനുസരിച്ച് 2023 വർഷത്തിലെ ആദ്യ പകുതിയാകുമ്പോഴേക്കും അവ വീണ്ടും ഉയർന്ന് 6 ശതമാനമായി. ആ വർഷം അവസാനിക്കുമ്പോൾ 7 ശതമായിരുന്നു മാർക്കറ്റ് ഷെയർ. 2024ലെ ഒക്ടോബർ – ഡിസംബർ പാദത്തിലെ ഫെസ്റ്റിവൽ സീസണിൽ വലിയ വിൽപ്പനയാണ് ആപ്പിൾ നേടിയത്. ഐഡിസി, കൗണ്ടർപോയിന്റ് എന്നിവർ നൽകുന്ന ഡാറ്റകൾ പ്രകാരം 9 മുതൽ 10 ശതമാനമാണ് മാർക്കറ്റ് ഷെയർ. ഇതോടെ ആപ്പിൾ ഇന്ത്യയിലെ സ്മാർട്ട്ഫോൺ മാർക്കറ്റിലെ ആദ്യ 5ൽ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.
ഇവയ്ക്കെല്ലാം പുറമെ ഇന്ത്യയിലെ പ്രീമിയം സ്മാർട്ട്ഫോൺ മാർക്കറ്റും വലിയ തോതിൽ വളരുകയാണ്. ആപ്പിളിന് യുവതീയുവാക്കൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്. ഇവയെല്ലാമാണ് ഐഫോണിന്റെ വിൽപ്പനയിലെ ഉയർച്ചയ്ക്ക് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.



Be the first to comment