ശബരിമല ദ്വാരപാലക ശില്പ വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രതിക്കൂട്ടിലാക്കി സ്വർണപ്പാളി വിവാദത്തിൽ നിർണായക നിഗമനത്തിലേക്ക് ദേവസ്വം വിജിലൻസ്. സ്വർണ്ണപ്പാളി മാറ്റിയത് ദേവസ്വം വിജിലൻസ് സ്ഥിരീകരിച്ചു. ഉണ്ണികൃഷ്ണന് പോറ്റി സ്വര്‍ണപ്പാളികള്‍ മാറ്റിയെന്നാണ് വിലയിരുത്തല്‍. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ പാളികൾ അല്ല തിരികെ കൊണ്ടുവന്നതെന്നാണ് കണ്ടെത്തൽ.
2019 ൽ ഉണ്ടായിരുന്ന പാളികളുമായി ഒത്തുനോക്കിയ ഫോട്ടോ പരിശോധനയിലാണ് സ്വർണപ്പാളിയിലെ വ്യത്യാസം കണ്ടെത്തിയത്. ദേവസ്വത്തിലെ വിദഗ്ദ്ധരാണ് മാറ്റം കണ്ടെത്തിയത്. കൂടുതൽ പരിശോധനയ്ക്കായി വിജിലൻസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. കാലപ്പഴക്ക നിർണയ പരിശോധനകൾക്കായിരിക്കും ദേവസ്വം വിജിലൻസ് ശുപാർശ നൽകുക. മാത്രമല്ല അന്വേഷണ സ്ഥിതി വിവര റിപ്പോർട്ട് കോടതിയിൽ നൽകാനും നീക്കമുണ്ട്. ഇന്ന് തന്നെ റിപ്പോർട്ട് കൈമാറിയേക്കുമെന്നാണ് സൂചന.
സ്വർണ്ണപ്പാളികളിലെ സ്വർണ്ണത്തിൻറെ മൂല്യവും തൂക്കവും മഹസറിൽ രേഖപ്പെടുത്തിയിട്ടില്ല.മഹസറിൽ തിരുവാഭരണം കമ്മീഷണറും ദേവസ്വം സ്മിത്തും ഒപ്പിട്ടിട്ടില്ലെന്നും കണ്ടെത്തി.ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്രപ്രസാദാണ് മഹസർ തയ്യാറാക്കിയത്. ദേവസ്വം സ്മിത്താണ് ഇക്കാര്യങ്ങൾ രേഖപ്പെടുത്തേണ്ടത്. 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറിയിരുന്നത് സ്വർണം പൊതിഞ്ഞ പാളികൾ തന്നെയായിരുന്നുവെന്നാണ് ദേവസ്വം ഉദ്യോഗസ്ഥൻ നൽകിയ മൊഴി. അതിനുപിന്നാലെ വിജിലൻസ് നടത്തിയ നിർണായക പരിശോധനയിലാണ് കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്.



Be the first to comment