തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങിയതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ദേവസ്വം മന്ത്രി വിഎന്‍ വാസവന് രാജിവെക്കാതെ സമ്മേളനവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം നിലപാട് എടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നാളെയെങ്കിലും സഭാ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.
ഉണ്ണികൃഷ്ണ്‍ പോറ്റിയുമായി ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് ശബരിമലയെ മാത്രമല്ല ലക്ഷക്കണക്കിന് വിശ്വാസികളെ കൂടി വഞ്ചിച്ചിരിക്കകയാണെന്ന് സഭ ബഹിഷ്കരിച്ച ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല ദ്വാരപാലകശില്പം സംസ്ഥാനത്തെ ഏത് കോടീശ്വരനാണ് വിറ്റതെന്ന് സര്‍ക്കാര്‍ പറയണം. കളവ് നടന്ന കാര്യം അറിഞ്ഞിട്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യം മറച്ചുവച്ചു. അതേ സര്‍ക്കാര്‍ തന്നെ 2025ല്‍ വീണ്ടും ഉണ്ണികൃഷ്ണന് പോറ്റിയെ വീണ്ടും വിളിച്ചുവരുത്തിയിരിക്കുകയാണ്. ദേവസ്വം മന്ത്രി രാജിവച്ച്, ദേവസ്വം ബോര്‍ഡിനെ പുറത്താക്കണം. തീരുമാനം ഇന്നുണ്ടാകണമെന്നും വിഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
വളരെ ഗുരുതരമായ കളവും വില്പനയുമാണ് ശബരിമലയില്‍ നടന്നതെന്നാണ് ഹൈക്കോടതി പറഞ്ഞത്. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ ഹൈക്കോടതിയാണ് തെരഞ്ഞെടുത്തത്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിന് ഞങ്ങള്‍ എതിരല്ല. ഉണ്ണികൃഷ്ണന് പോറ്റി ഇമെയില്‍ അയച്ചത് ദേവസ്വം പ്രസിഡന്റായിരുന്ന എന്‍ വാസുവിനാണ് .വാസു സിപിഎമ്മിന്റെ സ്വന്തം ആളാണ്. ദ്വാരപാലകശില്പം കോടികള്‍ക്ക് വിറ്റു.അത് എവിടെയാണ് വിറ്റതെന്ന് സിപിഎം വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാര്‍ തങ്ങളെ സഭാ ചട്ടങ്ങള്‍ പഠിപ്പിക്കേണ്ടെന്നും സഭ മുഴുവന്‍ അടിച്ചു തകര്‍ത്ത മന്ത്രിമാര്‍ അകത്ത് ഇരിക്കുകയാണെന്നും സതീശന് പറഞ്ഞു.
ചോദ്യോത്തരവേള ആരംഭിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ചെയറില്‍ എത്തിയ സമയത്ത് ശബരിമല സ്വര്‍ണപ്പാളി വിഷയം ഉന്നയിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. ഇതോടെ ചോദ്യോത്തരം റദ്ദ് ചെയ്ത് സഭ അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവെയ്ക്കുന്നത്. ‘സ്വര്‍ണ്ണം കട്ടത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ’, ‘കൊള്ള സംഘം അയ്യപ്പ വിഗ്രഹവും അടിച്ചു മാറ്റും’ എന്നീ പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് സഭയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത്. സ്പീക്കറിന്റെ മുഖം മറച്ചും പ്രതിപക്ഷം പ്രതിഷേധിച്ചു.
ഹൈക്കോടതിയെ പോലും അംഗീകരിക്കാത്ത നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നതെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. ഏത് അന്വേഷണത്തെയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ഉന്നത നീതിപീഠത്തില്‍ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എംബി രാജേഷ് പറഞ്ഞു. രാഷ്ട്രീയ കളിയുമായി ഇങ്ങോട്ടു വരരുതെന്ന് ഇന്നലെയാണ് ഒരു കോണ്‍ഗ്രസ് അംഗത്തോട് സുപ്രീംകോടതി പറഞ്ഞത്. പ്രതിപക്ഷത്തിന് കോടതിയെയും ജനത്തെയും പേടിയാണെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സബ്മിഷനുകള്‍ ഒഴിവാക്കി. നാല് ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കി. ധന വിനിയോഗ ബില്ലിന്റെ അവതരണവും ചര്‍ച്ച കൂടാതെ നടന്നു. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. നാളെയെങ്കിലും പ്രതിപക്ഷം സഭയുമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സ്പീക്കര്‍ ഡയസില്‍ നിന്നും മടങ്ങിയത്.



Be the first to comment