ശബരിമല സ്വര്‍ണ്ണക്കൊള്ള: 474.9 ഗ്രാം സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈമാറിയത് കല്‍പേഷ് എന്നയാള്‍ക്ക്

ശബരിമലയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയത് കല്‍പേഷിനെന്ന് ഹൈക്കോടതി ഉത്തരവില്‍ പരാമര്‍ശം. 2019 ഒക്ടോബര്‍ 10ന് കല്‍പേഷിന്റെ പക്കലെത്തിയത് 474.9 ഗ്രാം സ്വര്‍ണമാണെന്നും ഹൈക്കോടതി ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്. 

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഏറ്റവും ദുരൂഹമായി നില്‍ക്കുന്ന പേരുകളിലൊന്നാണ് കല്‍പേഷിന്റേത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ശേഷം ബാക്കി വന്ന 474.9 ഗ്രാം സ്വര്‍ണമാണ് കല്‍പേഷിന്റെ പക്കലെത്തിച്ചത്. സ്മാര്‍ട്ട് ക്രിയേഷന്‍സ് കല്‍പേഷിനാണ് ഈ സ്വര്‍ണം കൈമാറിയതെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകളിലുള്ളത്.

2019 മാര്‍ച്ച് മാസവും 2019 ഓഗസ്റ്റ് മാസത്തിലുമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്മാര്‍ട്ട് ക്രിയേഷന്‍സിനെ സമീപിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ ശ്രീകോവിലിന്റെ വാതിലില്‍ സ്വര്‍ണം പൂശുന്നതിനായും ഓഗസ്റ്റ് മാസത്തില്‍ ദ്വാരപാലകശില്‍പ്പത്തില്‍ സ്വര്‍ണം പൂശുന്നതിനുമാണ് പോറ്റി സ്മാര്‍ട്ട് ക്രിയേഷന്‍സിനെ സമീപിച്ചത്. എന്നാല്‍ ഈ പ്രക്രിയയ്ക്ക് ശേഷം സ്വര്‍ണം ബാക്കി വന്നിരുന്നു. 475 ഗ്രാമോളം സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയിലെത്തിയിട്ടുണ്ടാകാം. അത് ദേവസ്വം ബോര്‍ഡിന് കൈമാറിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഈ സ്വര്‍ണം കല്‍പേഷിന്റെ കൈയില്‍ വന്നെന്നാണ് പുറത്തുവരുന്ന പ്രധാനപ്പെട്ട വിവരങ്ങള്‍. ആരാണ് കല്‍പേഷെന്നും സ്വര്‍ണക്കൊള്ളയില്‍ ഇയാള്‍ക്കുള്ള പങ്കെന്തെന്നും ഇനി വ്യക്തമാകേണ്ടതുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് കല്‍പേഷെന്നാണ് സൂചനകള്‍.

Be the first to comment

Leave a Reply

Your email address will not be published.


*