ഹിജാബ് ധരിച്ച എട്ടാം ക്ലാസുകാരിയെ ക്ലാസിന് പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് എതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

ഹിജാബ് ധരിച്ച എട്ടാം ക്ലാസുകാരിയെ ക്ലാസിന് പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് എതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു അനുഭവം ഇനി ഒരു കുട്ടിക്കും ഉണ്ടാകാൻ പാടില്ല. സ്കൂൾ മാനേജ്മെന്റിന് വീഴ്ച സംഭവിച്ചുവെന്നും ഗുരുതരമായ കൃത്യ വിലോപമാണ് ഉണ്ടായിട്ടുള്ളതെന്നും എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അസ്വസ്ഥത ഉണ്ടാക്കുന്ന ഏത് വിഷയത്തിലും സർക്കാർ ഇടപെടും. വിഷയം ഒത്തുതീർപ്പായാൽ കടുത്ത നടപടി ഉണ്ടാകില്ല. അച്ഛനും അമ്മയും ആഗ്രഹിക്കുന്ന കാലത്തോളം കുട്ടിക്ക് ഹിജാബ് ധരിച്ച് ക്ലാസിൽ എത്താമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാർഥിനിയുടെ പിതാവ് പ്രശ്നം പരിഹരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും മന്ത്രി വീണ്ടും ഇത് പ്രശ്നമാക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്നാണ് സ്കൂൾ മാനേജ്മെൻറ് അഡ്വക്കേറ്റ് വിമല ബിനു ഇന്നലെ പ്രതികരിച്ചിരുന്നത്.

ഇതോടെയാണ് ഹിജാബിന്റെ നിറവും ഡിസൈനും സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം എന്നും ഹിജാബ് ധരിച്ച് തുടർപഠനം നടത്താൻ കുട്ടിയെ അനുവദിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി കർശനമായി ആവശ്യപ്പെട്ടത്. ഇന്ന് 11 മണിക്ക് മുൻപ് സ്കൂൾ മാനേജരും പ്രിൻസിപ്പലും ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, വിദ്യാഭ്യാസ മന്ത്രിക്കെതിരെ സ്കൂൾ പിടിഎ പ്രസിഡന്റ്‌ രംഗത്തുവന്നു. കുട്ടിയുടെ അവകാശം പോലെ സ്കൂളിനും അവകാശമുണ്ട്. ഇങ്ങനെയുള്ള മന്ത്രിമാരെ വിദ്യാഭ്യാസം പോലുള്ള വകുപ്പ് ഏൽപ്പിക്കുമ്പോൾ മുഖ്യമന്ത്രി ആലോചിക്കണമായിരുന്നു. മുഖ്യമന്ത്രി നല്ല ശുദ്ധമായ കൈകളിൽ അല്ലെ ഇതെല്ലാം കൊടുക്കേണ്ടത്. മന്ത്രിയെ വിജയിപ്പിച്ച ജനങ്ങളാണ് ആദ്യം ഇതെല്ലാം മനസിലാക്കേണ്ടത്. ഹൈക്കോടതി വിധിയെ തടുക്കാൻ മന്ത്രിക്ക് പറ്റില്ലെന്നും സ്കൂൾ പിടിഎ പ്രസിഡന്റ്‌ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*