ജി സുധാകരനെതിരായ അച്ചടക്ക നടപടി; ‘പാർട്ടി രേഖ പുറത്തുവന്നതിൽ ഗൂഢാലോചന’; ആർ.നാസർ

ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്തുവന്നതിൽ ഗൂഢാലോചന ഉണ്ടെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ. ജി സുധാകരന് ജാഗ്രത കുറവ് ഉണ്ടായി എന്ന പരാമർശം മാത്രമാണ് റിപ്പോർട്ടിൽ ഉണ്ടായത്. റിപ്പോർട്ട്‌ മാറ്റാരുടെയും കൈയിൽ ഇല്ല. നാല് വർഷത്തിന് ശേഷം റിപ്പോർട്ട് പുറത്തു വന്നതിൽ ഗൂഡലോചന ഉണ്ടെന്നും ആർ നാസർ പറഞ്ഞു.

എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും അന്വേഷണം നടത്തി എല്ലാം അവസാനിപ്പിച്ചതാണെന്നും നാസർ പറഞ്ഞു. അന്വേഷണം കഴിഞ്ഞിട്ട് കുറെ നാളായി. റിപ്പോർട്ട്‌ ആര് പുറത്ത് വിട്ടു എന്ന് കണ്ടു പിടിക്കുമെന്ന് നാസർ വ്യക്തമാക്കി. ആരോ ഇതിന്റെ പിന്നിൽ ഉണ്ട്. ജി സുധാകരനെയും പാർട്ടിയെയും തമ്മിൽ തെറ്റിക്കാൻ ഗൂഡനീക്കം നടക്കുന്നതായി ആർ നാസർ ആരോപിച്ചു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്നും, ജി സുധാകരൻ തിരഞ്ഞെടുപ്പ് ഫണ്ട് തന്നിഷ്ടപ്രകാരം വിനിയോഗിച്ചെന്നും ഉൾപ്പെടെയുള്ള ഗുരുതര പരാമർശങ്ങളുള്ള പാർട്ടി രേഖയാണ് പുറത്തുവന്നത്. കടുത്ത അച്ചടക്ക നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയെങ്കിലും ദീർഘകാലസേവനം പരിഗണിച്ചാണ് പരസ്യ ശാസനയിൽ ഒതുക്കിയതെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട്.

ജി സുധാകരന് സിപിഐഎം നേതൃത്വവുമായി ഉണ്ടായ അകൽച്ചയ്ക്ക് കാരണമായ പാർട്ടി രേഖയാണ് ഇപ്പോൾ പുറത്തുവന്നത്. സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ടിൽ രണ്ടംഗ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ ഇങ്ങനെ. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പാർട്ടി സ്ഥാനാർഥിയായിരുന്ന എച്ച് സലാം എസ്ഡിപിഐ കാരനാണെന്ന പ്രചരണത്തിൽ ജി സുധാകരൻ മൗനം പാലിച്ചു. പാർട്ടി ഭരണഘടന അനുശാസിക്കുന്ന ഉയർന്ന അച്ചടക്ക നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

എന്നാൽ പാർട്ടി സ്ഥാനാർഥി ജയിച്ചതും ദീർഘകാലസേവനവും പരിഗണിച്ചാണ് പരസ്യ ശാസനയിൽ ഒതുക്കിയത്. എളമരം കരീം, കെ.ജെ.തോമസ് എന്നിവർ അംഗങ്ങളായ കമ്മീഷനാണ് പരാതി പരിശോധിച്ചത്. അന്വേഷണം റിപ്പോർട്ട് സംസ്ഥാന സമിതി അവതരിപ്പിച്ചപ്പോൾ ജി സുധാകരന് പറയാനുള്ളതും കേട്ടിരുന്നു. എന്നാൽ തെറ്റ് തിരുത്തി സ്വയം വിമർശനത്തിന് ജി. സുധാകരൻ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*