വ്യവസായ ആവശ്യത്തിനായി കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ച ഭൂമി 500 കോടിക്ക് മറിച്ചുവിറ്റെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. ബംഗളൂരുവിലെ നെലമംഗലയിലെ ദൊബ്ബാസ്പേട്ടില്‍ ബിപിഎല്‍ ഇന്ത്യ ലിമിറ്റഡിന് കളര്‍ ടെലിവിഷന്‍, ട്യൂബ്, ബാറ്ററി നിര്‍മ്മാണ യൂണിറ്റിനായി കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡ് അനുവദിച്ച 175 ഏക്കര്‍ കൃഷിഭൂമി മറിച്ചുവിറ്റുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന്‍ കെഎന്‍ ജഗദീഷ് കുമാറാണ് കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചതെന്ന് സൗത്ത് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു
1991ല്‍ ഏക്കറിന് 1.1ലക്ഷത്തിനാണ് കര്‍ഷകരില്‍ നിന്ന് കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡ് ഭൂമി ഏറ്റെടുത്തത്. 1995ല്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഭൂമി 1996ല്‍ പാട്ടക്കരാര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ 2004വരെ സ്ഥലത്ത് വ്യാവസായികമായി ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ലെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു.
കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡിന്റെ അനുമതിയോടെ ഭൂമി ബാങ്ക് ഓഫ് ബഹ്‌റൈന്‍ ആന്‍ഡ് കുവൈത്തിന് പണയം വയ്ക്കുകയും തുടര്‍ന്ന് പിന്നീട് വില്‍ക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. അനുവദിച്ച ഭൂമിയുടെ വലിയ ഭാഗങ്ങള്‍ പിന്നീട് മാരുതി സുസുക്കി, ബിഒസി ഇന്ത്യ ലിമിറ്റഡ്, ജിന്‍ഡാല്‍ അലുമിനിയം തുടങ്ങിയ കമ്പനികള്‍ക്ക് 500ലധികം കോടിക്ക് വിറ്റതായും പരാതിയില്‍ പറയുന്നു. വ്യവസായ അവശ്യങ്ങള്‍ക്കായി അനുവദിച്ച ഭൂമി ദുരുപയോഗം ചെയ്‌തെന്നും ഈ ഭൂമി തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകനായ കെഎന്‍ ജഗദീഷ് കുമാര്‍ കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചത്.
അതേസമയം കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ബിപിഎല്ലുമായി രാജീവ് ചന്ദ്രശേഖറിന് ഒരു ബന്ധവുമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സഞ്ജയ് പ്രഭു വ്യക്തമാക്കി. കേരളത്തിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പ്രേരിത ആരോപണങ്ങളാണ് ഇതെന്നുമാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.



Be the first to comment