വലിയ വാഹനങ്ങൾക്ക് കൂടുതൽ പാർക്കിംഗ് ഫീസ് ഈടാക്കാൻ കാർഡിഫ് കൗൺസിൽ; യു കെയിൽ ആദ്യം

കാർഡിഫ്: വെയിൽസിലെ തലസ്ഥാനമായ കാർഡിഫ് കൗൺസിൽ വലിയ വാഹനങ്ങൾക്കായി കൂടുതൽ പാർക്കിംഗ് ഫീസ് ഈടാക്കാൻ തീരുമാനിച്ചു. ഇതോടെ  2,400 കിലോഗ്രാമിലധികം ഭാരം വരുന്ന വാഹനങ്ങൾക്ക് അധിക ഫീസ് ഈടാക്കും. ഇലക്ട്രിക് അല്ലാത്ത വാഹനങ്ങൾക്ക് ഈ പരിധി പിന്നീട് 2,000 കിലോഗ്രാമാക്കി കുറയും. വലിയ വാഹനങ്ങൾക്ക് കൂടുതൽ സ്ഥലം ആവശ്യമായി വരുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതിനാലാണ് ഈ തീരുമാനമെന്ന് കൗൺസിൽ പറയുന്നു. യുകെയിൽ ഇത്തരമൊരു തീരുമാനം എടുക്കുന്ന ആദ്യ കൗൺസിലാണ് കാർഡിഫ്.

അടുത്തകാലത്ത് റോഡുകളിൽ വലിയ എസ്യുവി പോലുള്ള വലിയ വാഹനങ്ങൾ വർധിച്ചു വരുന്നത് പരിസ്ഥിതിക്കും യാത്രാ സുരക്ഷയ്ക്കും വെല്ലുവിളിയാകുന്നുവെന്ന തിരിച്ചറിവിനെ തുടർന്നാണ് ഈ നടപടി. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഇത്തരം വാഹനങ്ങൾ 3 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ആണ് വർധിച്ചത് . കാർഡിഫിന്റെ ഈ തീരുമാനം മറ്റു പട്ടണങ്ങൾക്കും മാതൃകയാകുമെന്ന് ‘ക്ലീൻ സിറ്റീസ്’ ക്യാമ്പെയ്ൻ ഗ്രൂപ്പിന്റെ യുകെ തലവൻ ഒലിവർ ലോർഡ് പറഞ്ഞു. “വലിയതും കൂടുതൽ മലിനീകരണമുണ്ടാക്കുന്നവയുമായ വാഹനങ്ങൾക്ക് കൂടുതൽ ഫീസ് ഈടാക്കുന്നത് നീതിയുക്തമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പൊതുജനങ്ങളുമായി കൂടി ആലോചനയ്ക്കു ശേഷമാണ് കാർഡിഫ് കൗൺസിലിന്റെ ഈ തീരുമാനം.  66 ശതമാനം പേർ വലിയ വാഹനങ്ങൾക്ക് കൂടുതൽ ഫീസ് ഈടാക്കണമെന്ന ആവശ്യത്തിന് പിന്തുണ നൽകി. 

Be the first to comment

Leave a Reply

Your email address will not be published.


*