കെ മുരളീധരന്‍ പന്തളത്തേക്ക് ; വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കും

ഇന്ന് വൈകിട്ട് പന്തളത്ത് നടക്കുന്ന ശബരിമല വിശ്വാസ സംരക്ഷണ യാത്രയില്‍ കെ മുരളീധരന്‍ പങ്കെടുക്കും. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തിയെ തുടര്‍ന്ന് കെ മുരളീധരന്‍ പങ്കെടുക്കില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

മലയാളമാസം ഒന്നായതിനാല്‍ ഗുരുവായൂരിലേക്ക് പോകുന്നു എന്നയാരുന്നു കെ മുരളീധരന്റെ വിശദീകരണം. എന്നാല്‍ ജാഥാ ക്യാപ്റ്റന്‍ ഇല്ലാതെ സമാപന സമ്മേളനത്തിലേക്ക് കടക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് നാണക്കേടായിരുന്നു. കോണ്‍ഗ്രസ് നടത്തിയ വിശ്വാസ സംരക്ഷണ ജാഥ ഔദ്യോഗികമായി ഇന്നലെ സമാപിച്ചു എന്നും കെ.മുരളീധരന്‍ നിലപാടെടുത്തു.

ഇന്ന് ചെങ്ങന്നൂരില്‍ നിന്ന് പന്തളത്തേക്ക് യുഡിഎഫ് ആണ് ജാഥ നടത്തുന്നത്. എന്നാല്‍ മറ്റു മൂന്നു മേഖല ജാഥയുടെ ക്യാപ്റ്റന്മാരും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്നലെ വൈകുന്നേരത്തോടെയാണ് കെ. മുരളീധരന്‍ ഗുരുവായൂരിലേക്ക് പോയത്. കെ. മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നേതാക്കളും ആരംഭിച്ചുവെന്ന് വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്‍ ഗുരുവായൂരില്‍ നിന്ന് പന്തളത്തേക്ക് തിരിച്ചത്.

അതേസമയം, പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് പൊട്ടിത്തെറിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുനഃസംഘടനയില്‍ ഇത്രയും തൃപ്തി മുന്‍പ് ഒരുകാലത്തും ഉണ്ടായിട്ടില്ലെന്ന പരിഹാസമായിരുന്നു കെ സുധാകരന്. വിശ്വാസസംരക്ഷണ ജാഥാ സമാപനത്തിനുശേഷം നേതാക്കളുമായി ചര്‍ച്ച നടത്താനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Be the first to comment

Leave a Reply

Your email address will not be published.


*