തിരുവനന്തപുരത്തും സിപിഐക്ക് വന്‍ ആഘാതം; മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നൂറോളം പേര്‍ രാജിവച്ചു

സിപിഐ കൊല്ലം ജില്ലയിലെ കൂട്ടരാജിക്ക് പിന്നാലെ തിരുവനന്തപുരത്തും പാര്‍ട്ടി നേതൃത്വത്തിന് വന്‍ ആഘാതം. മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നിന്ന് നൂറോളം പേര്‍ സിപിഐ വിട്ടു. ആര്യനാട്, മീനാങ്കല്‍ ബ്രാഞ്ചുകളില്‍ നിന്നാണ് രാജി. 

പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐടിയുസിയുടെ ജില്ലാ സെക്രട്ടറിയുമായ മീനാങ്കല്‍ കുമാറിനെതിരെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പാര്‍ട്ടി നടപടിയെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇദ്ദേഹത്തിന്റെ പ്രദേശത്തുനിന്ന് മാത്രം നാല്‍പതോളം അംഗങ്ങള്‍ രാജിവച്ചത്. മീനാങ്കല്‍ എ ബ്രാഞ്ച്, ബി ബ്രാഞ്ച് എന്നിവയില്‍ അംഗങ്ങളായ 40 പേരാണ് രാജി നല്‍കിയത്. ഇതുകൂടാതെ പ്രദേശത്തെ എഐടിയുസി ചുമട്ടുതൊഴിലാളി യൂണിയനില്‍പ്പെട്ട 30 പേരോളം രാജി നല്‍കി. ഇതോടൊപ്പം എഐഎസ്എഫ്, എഐവൈഎഫ്, മഹിളാ ഫെഡറേഷന്‍ തുടങ്ങിയ സംഘടനകളില്‍ നിന്നും രാജികള്‍ വന്നുകൊണ്ടിരിക്കുകയാണ്.

കൊല്ലത്ത് 700ലേറെ പേര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ തിരുവനന്തപുരത്തുനിന്നുമുള്ള ഈ കൊഴിഞ്ഞുപോക്ക് പാര്‍ട്ടിക്ക് കടുത്ത സമ്മര്‍ദമാണ് ഏല്‍പ്പിക്കുന്നത്. അതേസമയം കൊല്ലത്തെ കൂട്ടരാജിയില്‍ അടിയന്തര ഇടപെടലിന് ഒരുങ്ങുകയാണ് സംസ്ഥാന നേതൃത്വം.രാജി വെച്ചവരെ തിരിച്ച് കൊണ്ടുവരണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. ഇന്ന് സി പി ഐ കൊല്ലം ജില്ലാ കമ്മിറ്റി യോഗം ചേരും. വിഷയത്തില്‍ ഇടപെടാന്‍ സംസ്ഥാന നേതൃത്വം നീക്കം ആരംഭിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*