തർക്കത്തിലുള്ള വഴി ടാർ ചെയ്തു; അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്റിനും അംഗങ്ങൾക്കും പിഴ ശിക്ഷ

കോട്ടയം: തർക്കത്തിലുള്ള വഴി യുടെ സ്വഭാവം മാറ്റരുതെന്ന കോടതി നിർദേശം മറികടന്ന് വഴി ടാർ ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനും ഭരണസമിതി അംഗങ്ങൾക്കും ഹൈക്കോടതി പിഴശിക്ഷ വിധിച്ചു. അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലകുളം, ഏഴാം വാർഡംഗം ബേബി നാസ് അജാസ് എന്നിവർ 25,000 രൂപ വീതവും മറ്റ് 20 അംഗങ്ങൾ 3500 രൂപവീതവും പിഴയടയ്ക്കണം. തുക ഒരാഴ്ചയ്ക്കുള്ളിൽ ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്കുന്നതിനാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ ഉത്തരവ്.

വഴിയുടെ ഉടമസ്ഥതയും ഉപയോഗാവകാശവും സംബന്ധിച്ച ജില്ലാ കോടതി വിധിക്കുമേൽ അതിരമ്പുഴ പെനിയേൽ ബിജോമോൻ തോമസാണ് ഹൈക്കേടതിയെ സമീപിച്ചത്.ബിജോമോൻ നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെ നിലവിലുള്ള അവസ്ഥ തുടരാനാണ് കോടതി നിർദേശിച്ചിരുന്നത്.
പിന്നീട് പഞ്ചായത്തിന്റെ ആവശ്യപ്രകാരം വഴിയുടെ സ്വഭാവം മാറ്റാതെ ചെറുരീതിയിൽ അറ്റകുറ്റപ്പണി നടത്തുന്നതിന് കോടതി അനുമതി നൽകിയിരുന്നു. എന്നാൽ പഞ്ചായത്ത് അതികൃതർ വഴി ടാർ ചെയ്തു. ഇതോടെ പരാതിക്കാരൻ കോടതിയെ സമീപിക്കുകയും നിയമലംഘനം അന്വേഷിക്കാൻ കോടതി കമ്മിഷണനെ നിയോഗിക്കുകയും ചെയ്തിരുന്നു. കോടതി നിർദ്ദേശം മറികടന്ന് റോഡ് പുനർനിർമ്മിച്ചത് ‘അനുസരണക്കേട് ‘ എന്ന് വിലയിരുത്തിയാണ് കോടതി പിഴശിക്ഷ വിധിച്ചത്. പഞ്ചായത്ത് സെക്രട്ടറി പുതിയ ആളായതിനാൽ മുന്നറിയിപ്പ് നൽകി കേസിൽനിന്ന് കുറ്റവിമുക്തയാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*