‘കേരള കോൺഗ്രസ് എം ഇപ്പോൾ യുഡിഎഫിലേക്ക് വരേണ്ട’; മോൻസ് ജോസഫ് എംഎൽഎ

കേരള കോൺഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശത്തിൽ മുന്നണി കൺവീനറുടെ നിലപാട് തള്ളി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്. കേരള കോൺഗ്രസ് എം ഇപ്പോൾ യുഡിഎഫിലേക്ക് വരേണ്ട ആവശ്യമില്ലെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. ജോസ് കെ മാണി വിഭാഗം പോയിട്ടും യാതൊരു ദോഷവും ഉണ്ടായിട്ടില്ല. യുഡിഎഫ് കൺവീനർ ക്ഷണിച്ചത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ നിലപാടെന്നും മോൻസ് ജോസഫ്.

യുഡിഎഫിനുള്ളിൽ ഇത് സംബന്ധിച്ച് ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും എൽഡിഎഫ് വിട്ട് കേരള കോൺഗ്രസ് എമ്മിന് വരണമെന്നുണ്ടെങ്കിൽ അവർ പറയണമെന്നും മോൻസ് ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ്സ് എമ്മിനേയും മറ്റൊരു വിഭാഗത്തേയും യുഡിഎഫിലെത്തിക്കാൻ ശ്രമം നടത്തുമെന്ന അടൂർ പ്രകാശിന്റെ പ്രതികരണമാണ് മോൻസ് ജോസഫിനെ ചൊടിപ്പിച്ചത്.

ജോസഫ് വിഭാഗം വിമർശനമുന്നയിച്ച സാഹചര്യത്തിൽ, മുന്നണി വിപുലീകരണ നീക്കങ്ങളിൽ കൂടുതൽ ശ്രദ്ധയോടെ നീങ്ങാനാകും കോൺഗ്രസിന്റെ തീരുമാനം. കേരളാ കോൺഗ്രസ് എമ്മിലെ ഒരു വിഭാഗം നേതാക്കൾ യുഡിഎഫിലേക്ക് തിരികെ പോകണമെന്ന അഭിപ്രായക്കാരാണ്. എന്നാൽ മന്ത്രി റോഷി അഗസ്റ്റിനും മറ്റു ചില നേതാക്കളും യുഡിഎഫിലേക്കുള്ള തിരികപ്പോക്ക് ആത്മഹത്യാപരമാണെന്ന നിലപാടുകാരാണ്. നേതാക്കൾക്കിടയിൽ ഒറ്റക്കെട്ടായ തീരുമാനം ഉണ്ടാകാതെ വന്നതോടെ തൽക്കാലം മുന്നണി മാറ്റത്തിൽ ചർച്ചയില്ലെന്ന തിരുമാനത്തിലാണ് നേതൃത്വം.

Be the first to comment

Leave a Reply

Your email address will not be published.


*